എല്ലാവരെയും ഒരുപോലെ പരിഗണിച്ചാൽ മുസ്‌ലിം പുരുഷന് ഒന്നിലേറെ ഭാര്യമാരാകാം -അലഹബാദ് ഹൈകോടതി
text_fieldsന്യൂഡൽഹി: എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈകോടതി നിരീക്ഷിച്ചു. സാധുതയുള്ള കാരണങ്ങൾക്ക് ബഹുഭാര്യത്വം ഖുർആൻ വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ സ്വാർഥ താൽപര്യത്തിനായി അത് ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. കീഴ് കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറാദാബാദ് സ്വദേശി നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേസ്വാളിന്റെ സിംഗ്ൾ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്.
ഹരജിക്കാരനായ ഫുർകാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയിക്കാതെ തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 2020ൽ യുവതി പരാതി നൽകിയതോടെയാണ് കേസ് ആരംഭിച്ചത്. ഫുർകാൻ തന്നെ ബലാത്സംഗം ചെയ്തെന്നും അവർ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊറാദാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഫുർകാനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് സമൻസ് അയക്കുകയും ചെയ്തു.
മുസ്‌ലിം പുരുഷന് നാല് വിവാഹം വരെ അനുവദനീയമായതിനാൽ ഫുർകാൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് അരുൺ കുമാർ സിങ് പറഞ്ഞു. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും 1937ലെ മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഭാര്യമാരും മുസ്‌ലിംകളായതിനാൽ രണ്ടാം വിവാഹം സാധുതയുള്ളതാണെന്ന് അലഹബാദ് ഹൈകോടതി 18 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. കേസ് അടുത്ത വാദം കേൾക്കലിനായി മേയ് 26ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

