ഹോളി ചായം പൂശാൻ അനുവദിക്കാതിരുന്നയാളെ മർദിച്ചുകൊന്നു; സംഭവം ഉത്തർപ്രദേശിലെ ഉന്നാവിൽ
text_fieldsകൊല്ലപ്പെട്ട ശരീഫ്
ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ഹോളി ആഘോഷത്തിനുള്ളിൽ പെട്ട മുസ്‍ലിം വിഭാഗത്തിൽപ്പെട്ടയാളെ മർദിച്ചു കൊലപ്പെടുത്തി. 45 വയസ്സുള്ള ശരീഫ് എന്ന ആളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം.
പള്ളിയിലേക്ക് പോവുകയായിരുന്ന ഇയാൾ ഹോളി ആഘോഷിക്കുന്ന സംഘത്തിന് മുന്നിലെത്തിയപ്പോൾ അവർ ദേഹത്ത് ചായം വിതറാൻ ശ്രമിക്കുകയും അതു ശരീഫ് തടയുകയും ചെയ്തു. ഇതു തർക്കവും സംഘർഷവുമായി മാറി.
സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ആക്രമണത്തിനിരയായ ശരീഫിനെ അതുവഴി വന്നവർ രക്ഷപ്പെടുത്തി വെള്ളം കൊടുത്തെങ്കിലും അൽപസമയത്തിനകം ഇയാൾ കുഴഞ്ഞുവീണു മരിച്ചു. നഗരത്തിലെ സദർ മേഖലയിലുള്ള ഖാസിം നഗറിലെ താമസക്കാരനാണ് ശരീഫ്.
കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ജനം തെരുവിലിറങ്ങി. ആക്രമികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച് മരണകാരണം ഹൃദയാഘാതമാണെന്നും ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ഉന്നാവ് പൊലീസ് പിന്നീട് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

