‘ജയ് ശ്രീരാം’ വിളിച്ചില്ല; ട്രെയിനിൽ മുസ്ലിം വ്യാപാരിയെ നഗ്നനാക്കി ആൾക്കൂട്ട ആക്രമണം
text_fieldsന്യൂഡൽഹി: ‘ജയ് ശ്രീരാം’ വിളിക്കാതിരുന്ന മുസ്ലിം വ്യാപാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വസ്ത്രം അഴിപ്പിച്ച് നഗ്നനാക്കി ക്രൂരമായ ആൾക്കൂട്ട ആക്രമണം. മുറാദാബാദ് നഗരത്തിലെ അലുമിനിയം വ്യാപാരി അസീം ഹുസൈനെ ഡൽഹിയിൽനിന്ന് പ്രതാപ്ഗഢിലേക്കുള്ള പത്മാവതി എക്സ് പ്രസ് ട്രെയിനിൽ ആക്രമിക്കുന്ന വിഡിയോ കോൺഗ്രസ് എം.പി ഇംറാൻ പ്രതാപ് ഗഡിയും എ.ഐ.എം.ഐ.എം നേതാവ് ഉവൈസിയും ട്വിറ്ററിൽ പങ്കുവെച്ചു.
മുസ്ലിംകൾക്ക് പേടിക്കേണ്ട കാര്യമില്ലെന്ന് ഇന്നലെക്കൂടി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞിട്ടേയുള്ളൂ എന്ന് ഇംറാൻ ട്വിറ്ററിൽ കുറിച്ചു. പറയുന്നതിന് നേർവിപരീതമായി മനസ്സിലാക്കേണ്ട തരത്തിലാണ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രവർത്തനമെന്ന് ഇംറാൻ കുറ്റപ്പെടുത്തി. ആർ.എസ്.എസ് മേധാവി ആയിരം കൊല്ലത്തെ പോരാട്ടത്തെക്കുറിച്ച് ഓർമിപ്പിച്ചതിന്റെ തെളിവാണോ ഇതെന്ന് വിഡിയോ പങ്കുവെച്ച ഉവൈസി ചോദിച്ചു. അക്രമത്തിനിരയായ അസീം മാധ്യമങ്ങളോട് പറഞ്ഞത്: ‘‘നല്ല തിരക്കുള്ള ട്രെയിനിൽ ഹാപുരിൽനിന്ന് കയറിയവരാണ് ആക്രമണം നടത്തിയത്. പത്തോളം പേർ തിക്കിത്തിരക്കി മുന്നോട്ടുവന്നു. ഈ ‘മുല്ല കള്ളനാണ്’ എന്നും ‘മുല്ല കള്ളനേ ആകൂ’ എന്നും പറഞ്ഞ് അടിക്കാൻ തുടങ്ങി. പൊതിരെ തല്ലിയ ശേഷം താടി പിടിച്ചുവലിച്ച് ‘ജയ് ശ്രീരാം’ വിളിക്കാനാവശ്യപ്പെട്ടു. എന്നാൽ, അതിന് താൻ തയാറായില്ല. അതോടെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കി വീണ്ടും അടിച്ചു. കൈയിലുണ്ടായിരുന്ന 1200 രൂപയും കവർന്നു. തുടർന്ന് മുറാദാബാദ് സ്റ്റേഷനിലെത്തിയപ്പോൾ നഗ്നനാക്കി ഉന്തി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു. അത് കണ്ട ഒരാൾ വന്നാണ് വസ്ത്രം ധരിപ്പിച്ചത്. ട്രെയിനിലെ ഒരു മനുഷ്യൻ പോലും തന്നെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ല.’’
‘ജയ് ശ്രീരാം’ വിളിക്കാൻ വിസമ്മതിച്ച അസീമിനെ വസ്ത്രം അഴിപ്പിച്ച് ബെൽറ്റുകൊണ്ടടിക്കുകയായിരുന്നുവെന്നും ഹാപുരിൽനിന്ന് കയറിയ രണ്ടു യാത്രക്കാരെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്തുവെന്നും ‘ആജ്തക്’ റിപ്പോർട്ട് ചെയ്തു.
എന്നാൽ, സംഭവം വാർത്തയായതോടെ താടി പിടിച്ചുവലിച്ച് ‘ജയ് ശ്രീരാം’ വിളിക്കാൻ പറഞ്ഞ് ആക്രമിച്ചുവെന്ന അസീമിന്റെ പരാതി ശരിയല്ലെന്ന അവകാശവാദവുമായി മുറാദാബാദ് റെയിൽവേ പൊലീസ് ഡിവൈ.എസ്.പി രംഗത്തുവന്നു. സ്ത്രീക്കു നേരെ അതിക്രമം നടത്തിയതിനാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

