സുപ്രീംകോടതിയിൽ മുസ്ലിം ലീഗിന്റെ മറുപടി സത്യവാങ്മുലം; ‘മത നാമത്തിന്റെ പേരിൽ അംഗീകാരം റദ്ദാക്കാനാവില്ല’
text_fieldsന്യൂഡൽഹി: മതനാമത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഹിന്ദു മതം സ്വീകരിച്ച് പേര് മാറ്റി തീവ്ര ഹിന്ദുത്വ നേതാവായി മാറിയ മുൻ യു.പി ശിയാ വഖഫ് ബോർഡ് ചെയർമാൻ ജിതേന്ദ്ര ത്യാഗി മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ സമർപ്പിച്ച ഹരജിയിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
മതനാമമുള്ള രാഷ്ട്രീയ പാർട്ടിക്ക് രജിസ്ട്രേഷൻ നിഷേധിക്കുന്നതിന് 1994ൽ ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുവെങ്കിലും സ്വാഭാവിക ചരമമടഞ്ഞുവെന്ന് മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മതേതരത്വം, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ പേരിലെഴുതി പ്രദർശിപ്പിക്കാനുള്ളതല്ല.
ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ളതാണ്. രാജ്യത്തെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളോട് ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ച് മുസ്ലിംകളുടെ സാംസ്കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ലീഗിൽ അന്തർലീനമായതാണ് മതേതരത്വം.
ലീഗ് ഭരണഘടനയിൽ അതുണ്ട്. മത, രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദുർബല വിഭാഗങ്ങളുടെയും പട്ടിക ജാതി, പട്ടിക വർഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് പാർട്ടി ലക്ഷ്യമാണ്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വ്യക്തിയുടെ അന്തസ്സും ഉറപ്പുവരുത്തി സാഹോദര്യം ഉറപ്പുവരുത്തുകയെന്നത് പാർട്ടി ഭരണഘടനയുടെ ആമുഖത്തിലുള്ള മാർഗനിർദേശക തത്വമാണ്. കേരളത്തിലെ 100ലേറെ പാർട്ടി ജനപ്രതിനിധികൾ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരാണ്.
അവരെല്ലാവരും ലീഗിന്റെ കോണി ചിഹ്നത്തിൽ മത്സരിച്ചവരാണ്. ഹിന്ദു സമുദായത്തിലെ യു.സി. രാമനെ ജനറൽ സീറ്റായ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ പി.ടി.എ റഹീമിനെതിരെ മുസ്ലിം ലീഗ് സ്ഥാനാർഥിയാക്കിയപ്പോൾ കേവലം 3269 വോട്ടിനാണ് തോറ്റത്.
അതിന് മുമ്പ് കെ.പി. രാമൻ മഞ്ചേരി, കുന്ദമംഗലം മണ്ഡലങ്ങളിൽനിന്നുള്ള മുസ്ലിം ലീഗ് എം.എൽ.എ ആയിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറാണ് കേരളത്തിൽ സംസ്കൃത സർവകലാശാല സ്ഥാപിച്ചത്.
1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്നത്തെ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ശാന്തരാകാനും പ്രതികാര നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. പ്രക്ഷുബ്ധമായ അക്കാലയളവിൽ രാജ്യത്ത് ശാന്തമായ ചില സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം.
അബ്ദുറഹ്മാൻ ബാഫഖി തങ്ങളും കെ.എം സീതി സാഹിബും, കെ. ഉപ്പി സാഹിബും സി.എച്ച് മുഹമ്മദ് കോയയും 1952ൽ പയ്യോളി കലാപമുണ്ടായപ്പോൾ ഇടപെട്ടതും 1953ൽ നടുവട്ടത്തും 1963ൽ തളി ക്ഷേത്ര വിഷയത്തിലും നടത്തിയ ഇടപെടലുകളും സത്യവാങ്മൂലത്തിൽ എണ്ണിപ്പറഞ്ഞു.
ഹരജിയുമായി വന്നത് മതഭ്രാന്തനെന്ന് ലീഗ്
ന്യൂഡൽഹി: മതനാമങ്ങളുള്ള പാർട്ടികളെ രാജ്യത്ത് നിരോധിക്കാൻ ആവശ്യപ്പെട്ട ഹരജിക്കാരൻ വിദ്വേഷ കുറ്റകൃത്യത്തിന് അറസ്റ്റിലായ മതഭ്രാന്തനാണെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഹരജി ആ നിലക്കുതന്നെ തള്ളണമെന്നും മറുപടി സത്യവാങ്മൂലത്തിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
തനിക്കെതിരെ സിവിൽ, ക്രിമിനൽ, റവന്യൂ കേസുകൾ ഒന്നുമില്ലെന്ന ഹരജിക്കാരന്റെ വാദം കളവാണെന്നും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട് . 2021 ഡിസംബർ 17 മുതൽ 19 വരെ നടന്ന ‘ധരംസൻസദി’ൽ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മതഭ്രാന്തനാണ് ഹരജി സമർപ്പിച്ച ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്വി.
മതത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾക്കിടയിൽ ശത്രുതയുണ്ടാക്കുന്ന ഹരജിക്കാരന്റെ ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇതിന് തെളിവായി വിദ്വേഷ പ്രസംഗ കേസിൽ ത്യാഗിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് അനുബന്ധ രേഖയായി ലീഗ് സമർപ്പിച്ചു.
മതനാമങ്ങളുള്ള പാർട്ടികളെ രാജ്യത്ത് നിരോധിക്കാൻ ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഒരു ഹരജി ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണെന്ന് ലീഗ് ഓർമിപ്പിച്ചു.
മതനാമങ്ങളുപയോഗിച്ച രാഷ്ടീയ പാർട്ടികളുടെ രജിസ്ട്രേഷൻ മാറ്റാനും മൂന്നു മാസത്തിനകം പേര് മാറ്റി രജിസ്റ്റർ ചെയ്തില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനും അതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അതിന് മറുപടി സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. ആ നിലക്കും ഹരജി തള്ളണമെന്ന് ലീഗ് ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

