യു.പിയിൽ അടക്കം സഖ്യസാധ്യത തേടി മുസ്‍ലിം ലീഗ്; പരിശോധിക്കാൻ മൂന്നംഗ ഉപസമിതി
text_fieldsഡൽഹിയിൽ നടന്ന മുസ്‍ലിം ലീഗ് ദേശീയ നേതൃയോഗത്തിൽ നിന്ന്
ന്യൂഡൽഹി: യു.പി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതേതര രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കി പാർട്ടിയുടെ സാന്നിധ്യം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ മുസ്‍ലിം ലീഗ്. കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായ നേട്ടം വിലയിരുത്തിയ ദേശീയ നേതൃത്വം, മറ്റു സംസ്ഥാനങ്ങളിലും സഖ്യസാധ്യത പരിശോധിക്കാൻ മൂന്നംഗ ഉപസമിതിയെ നിശ്ചയിച്ചു.
വ്യാഴാഴ്ച ഡൽഹി ഖാഇദെ മില്ലത്ത് സെന്ററിൽ ചേർന്ന ദേശീയ നേതൃയോഗത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ എന്നിവരങ്ങുന്ന സമിതി രൂപവത്കരിച്ചത്.
മതേതര വോട്ട് ഭിന്നിപ്പിക്കുന്ന നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മതേതര പാർട്ടികളുമായി ചേർന്നുള്ള നീക്കമാണ് നടത്തുകയെന്നും യോഗതീരുമാനം വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ 22 എം.എൽ.എമാരെ വിജയിപ്പിക്കാനായത് പാർട്ടി ചരിത്രത്തിലെ നിർണായക നേട്ടമായി യോഗം വിലയിരുത്തി. വനിതാ എം.എൽ.എ ഉൾപ്പെടെ 22 അംഗങ്ങളുമായി നിയമസഭയിലെ ശക്തമായ സാന്നിധ്യവും യു.ഡി.എഫ് സർക്കാറിലെ അഞ്ച് മന്ത്രിമാരും പാർലമെന്റിലെ അഞ്ച് എം.പിമാരും പാർട്ടിയുടെ രാഷ്ട്രീയ വളർച്ചയുടെ പ്രതിഫലനമാണ്.
തമിഴ്‌നാട്ടിലെ മുന്നണി വിജയത്തിലൂടെ ചരിത്രത്തിലാദ്യമായി മന്ത്രിസ്ഥാനം ലഭിച്ചതും പ്രധാന രാഷ്ട്രീയ പദവികളിൽ പാർട്ടി പ്രതിനിധികൾ എത്തിയതും യോഗം വിലയിരുത്തി.
എസ്.ഐ.ആർ നടപടികളുടെ പേരിൽ വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ ഭരണഘടനാപരമായ നടപടിക്രമങ്ങളും സുതാര്യതയും ഉറപ്പാക്കണമെന്നും വോട്ടവകാശം സംരക്ഷിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾ പൊളിക്കുന്നതിനെതിരെയും പ്രമേയം പാസാക്കി.
ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ. കെ. എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി റിപ്പോർട്ട് അവതരിപ്പിച്ചു. എം.പിമാരായ അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാൻ, നവാസ് കനി, കേരളത്തിൽനിന്നുള്ള മന്ത്രിമാർ, തമിഴ്‌നാട് മന്ത്രി എം. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

