പ്രഫ. ഖാദർ മൊയ്തീന് ‘തഗൈസൽ തമിഴർ’ ബഹുമതി സമ്മാനിച്ചു; ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിലെ ഇടപെടലുകൾക്കുള്ള അംഗീകാരമെന്ന് സാദിഖലി തങ്ങൾ
text_fields‘തഗൈസൽ തമിഴർ’ ബഹുമതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽ നിന്ന് ഖാദർ മൊയ്തീൻ സ്വീകരിക്കുന്നു
ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് പ്രഫസർ ഖാദർ മൊയ്തീന് തമിഴ്നാട് സർക്കാറിന്‍റെ ‘തഗൈസൽ തമിഴർ’ ബഹുമതി സമ്മാനിച്ചു. സ്വാതന്ത്രദിനത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഖാദർ മൊയ്തീന് ബഹുമതി സമ്മാനിച്ചത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ചവർക്ക് തമിഴ്നാട് സർക്കാർ നൽകി വരുന്ന പ്രത്യേക ബഹുമതിയാണ് ‘തഗൈസൽ തമിഴർ’. സി.പി.എം നേതാവ് ആർ. ശങ്കരയ്യ (2021), സി.പി.ഐ നേതാവ് ആർ. നല്ലക്കണ്ണ് (2022), ദ്രാവിഡർ കഴകം പ്രസിഡന്‍റ് കെ. വീരമണി (2023), മുൻ ടി.എൻ.സി.സി പ്രസിഡന്‍റ് കുമാരി അനന്തൻ (2024) എന്നിവർക്ക് ‘തഗൈസൽ തമിഴർ’ ബഹുമതി തമിഴ്നാട് സർക്കാർ സമ്മാനിച്ചിട്ടുണ്ട്.
‘തഗൈസൽ തമിഴർ’ ബഹുമതി നേടിയ ഖാദർ മൊയ്തീനെ ലീഗ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ പരിപാടി പാർട്ടി രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തമിഴ്നാടിനും രാജ്യത്തിനും അഭിമാനകരമായ നേട്ടമാണ് ഖാദർ മൊയ്തീന് സ്വന്തമാക്കിയിരിക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ദീർഘ വർഷമായ രാഷ്ട്രീയ പാരമ്പര്യത്തിൽ നിസ്വാർഥ സേവനമാണ് അദ്ദേഹം നടത്തുന്നത്. ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
ഖാദർ മൊയ്തീന് ലഭിച്ച അംഗീകാരം ഏറ്റവും വലുതാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാറിന്‍റെ ഏറ്റവും വലിയ പുരസ്കാരം ലീഗ് ദേശീയ അധ്യക്ഷന് ലഭിച്ചതിൽ എല്ലാവരും സന്തോഷത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഉറച്ച നിലപാടും ലക്ഷ്യം നേടാനുള്ള നിസ്വാർഥ പ്രവർത്തനങ്ങളുമാണ് ഖാദർ മൊയ്തീൻ എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

