ഗുവാഹത്തിയിൽ നീറ്റ് പ്രതിഷേധത്തിനു സമീപം നിന്ന മുസ്ലിം അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു; കേസെടുക്കില്ലെന്ന കേന്ദ്രത്തിന്‍റെ ഉറപ്പും ലംഘിക്കപ്പെട്ടു
text_fieldsഗുവാഹത്തി: ഗുവാഹത്തിയിൽ സംഘടിപ്പിച്ച നീറ്റ് പ്രതിഷേധത്തിനു സമീപം നിന്നിരുന്നു അഭിഭാഷകനായ ആരിഫുൽ ഇസ്‌ലാമിനെ അസം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. 24 മണിക്കൂറിലധികം കസ്റ്റഡിയിൽ വെച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ഇസ്‌ലാമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനും കോൺഗ്രസ് വക്താവുമായ അമൻ വദൂദ് അറിയിച്ചു.
നീറ്റ് പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കുമെന്ന കേന്ദ്ര സർക്കാറിന്‍റെ ഉറപ്പ് നിലനിൽക്കെയാണ് അസം പൊലീസിന്‍റെ നടപടി. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ആരിഫുൽ ഇസ്‌ലാം വക്കീൽ വേഷത്തിലായിരുന്നു. പൊലീസിന് തന്റെ ബാർ ഐ.ഡി കാർഡ് കാണിച്ചു കൊടുത്തിട്ടും ഫലമുണ്ടായില്ല. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) എന്നിവയുടെ കോപ്പികളും ഈസമയം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. രാജ്യത്തിന്‍റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബി.എൻ.എസ് സെക്ഷൻ 152 പ്രകാരമാണ് ഇസ്‌ലാമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് വദൂദ് പറഞ്ഞു.
രാജ്യത്തുടനീളം സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സി.ജെ.പി പ്രതിനിധികൾക്ക് ഉറപ്പ് കൊടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ചത്. അസം പൊലീസിന്‍റെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണവും എല്ലാ അധികാര പരിധിയും ലംഘിക്കുന്നതാണെന്നും അമൻ കുറ്റപ്പെടുത്തി.
നേരത്തെ, രാജ്യവ്യാപകമായി നടക്കുന്ന യുവജന-വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അസമിലെ ലഖിംപൂർ ജില്ലയിലെ ലാലൂക്കിൽ നിന്നുള്ള മൂന്ന് മുസ്‌ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൻജൂർ റഹ്മാൻ (23), അഷ്‌റഫുൽ ഇസ്‌ലാം (21), അബ്ദുൽ കാസിം (23) എന്നിവരാണ് അറസ്റ്റിലായതെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി മൂവരും ചേർന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. കൂടാതെ, ലാലൂക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് ഇതിനായി മൂൻകൂൻ അനുമതി തേടിയും തേടിയിരുന്നു. മൻജൂർ റഹ്മാൻ എം.കോം വിദ്യാർഥിയാണ്. അഷ്‌റഫുൽ ഇസ്‌ലാമും എം.കോമിന് പഠിക്കുകയാണ്. അബ്ദുൽ കാസിം ഫാർമസ്യൂട്ടിക്കൽ സയൻസിൽ ബിരുദധാരിയാണ്.
ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും മകൻ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മൻജൂറിന്റെ പിതാവ് മുജീബുർ പ്രതികരിച്ചു. ‘രാജ്യത്തുടനീളമുള്ള യുവാക്കൾ പ്രതിഷേധിക്കുന്നുണ്ട്. അവരെ ആരും അറസ്റ്റ് ചെയ്യുന്നില്ല. എന്റെ മകൻ ഇതുവരെ ഒരു പ്രതിഷേധം പോലും നടത്തിയിട്ടില്ല. അവൻ അത് സംഘടിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്’ -പിതാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റു സമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും മുസ്‌ലിംകളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നതെന്നും കുടുംബം ആരോപിക്കുന്നു. വിഘടനവാദം, സായുധ കലാപത്തിന് പ്രേരണ നൽകൽ ഉൾപ്പെടെ രാജ്യത്തിന്‍റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന കുറ്റങ്ങൾ ചുമത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി മൂവരെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

