ഹിന്ദുത്വ സംഘങ്ങളുടെ നിരന്തരമായ ഭീഷണി, ബഹിഷ്‍കരണാഹ്വാനം; പുണെയിലെ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി മുസ്‍ലിം കുടുംബങ്ങൾ
text_fieldsമുംബൈ: നിരന്തരമായ വർഗീയ ഭീഷണികളുടെയും സാമൂഹിക-സാമ്പത്തിക ബഹിഷ്‍കരണങ്ങളുടെയും ഫലമായി പുണെയിൽ രണ്ട് ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാക്കപ്പെട്ട് മുസ്‍ലിം കുടുംബങ്ങൾ. പുണെയിലെ മുൾഷി താലൂക്കിലെ പോഡ്, പിരൻഗട്ട് ഗ്രാമങ്ങളിൽ നിന്നാണ് മുസ്‍ലിം കുടുംബങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായത്. ഇവിടെ നിന്ന് ഒഴിഞ്ഞുപോയ മുസ്‍ലികം കുടുംബങ്ങളിൽ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി ഈ ഗ്രാമങ്ങളിൽ തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ഇവരാരും തദ്ദേശീയരായ മുസ്‍ലിംകളല്ല എന്ന് പറഞ്ഞാണ് ഗ്രാമത്തിലെ ഹിന്ദുക്കൾ ഈ ബഹിഷ്‍കരണത്തെ ന്യായീകരിക്കുന്നത്.
ഇതിന്റെ സത്യാവസ്ഥയറിയാൻ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ), അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്(എ.പി.സി.ആർ) എന്നീ മനുഷ്യാവകാശസംഘടനകൾ രണ്ടു ഗ്രാമങ്ങളിലും വസ്തുതാന്വേഷണ പരിശോധന നടത്തി.
അവിടെ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയും ജീവിതം താറുമാറായിക്കിടക്കുകയാണെന്നും കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിരിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. മേയ് രണ്ടിന് പോഡ് ഗ്രാമത്തിൽ ദേവീ വിഗ്രഹത്തെ അപമാനിച്ചുവെന്നാരോപിച്ച് മേയ് അഞ്ചിന് ബി.ജെ.പിയും മറ്റ് വലതുപക്ഷ സംഘടനകളും റാലികൾ നടത്തുകയുണ്ടായി. ഈ റാലികൾക്കു പിന്നാലെ സ്വദേശികളല്ലാത്ത മുസ്‍ലിംകളെ ബഹിഷ്‍കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. റാലികളിൽ മുസ്‍ലിംകൾക്കു നേരെ ഭീഷണികളും മുഴക്കിയിരുന്നു.
പോസ്റ്ററുകൾ വർഗീയ അന്തരീക്ഷം സൃഷ്‍ടിച്ചുവെന്നാണ് പി.യു.സി.എൽ പറയുന്നത്. അതിന്റെ പേരിൽ പുണെ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്ലിന് പി.യു.സി.എൽ ഒരു നിവേദനവും സമർപ്പിച്ചു. എസ്.പിയുടെ ഉത്തരവനുസരിച്ച് കുറച്ചു കഴിഞ്ഞു പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ അതുണ്ടാക്കിയ അനന്തരഫലം വളരെ വലുതായിരുന്നു. പോസ്റ്ററുകൾ നീക്കം ചെയ്തതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ബേക്കറികളും സലൂണുകളും മറ്റ് കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പൊലീസിൽ ആവർത്തിച്ച് പരാതി നൽകിയിട്ടും ആ കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ മുസ്‍ലിംകൾക്ക് ഒരു സംരക്ഷണവും ലഭിച്ചില്ല.
തന്റെ കുടുംബം 40 വർഷമായി ഇവിടെ താമസിക്കുകയാണെന്നും എന്നാൽ പിതാവിന്റെ ജൻമനാട് ഉത്തർപ്രദേശിലായതിന്റെ പേരിലാണ് തങ്ങളെ പുറംനാട്ടുകാരായി മുദ്ര കുത്തുന്നതെന്നും കുടിയിറക്കപ്പെട്ട കുടുംബാംഗങ്ങളിലൊരാൾ പി.യു.സി.എൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ സൂചിപ്പിച്ചു.
ഒരാളുടെ മാത്രം ബേക്കറിയല്ല. നിരവധി മുസ്‍ലിംകളുടെ ബേക്കറികളാണ് പൂട്ടിക്കിടക്കുന്നത്. ഇത് 400 ലേറെ തൊഴിലാളികളുടെ ദിവസ വേതനമാണ് ഇല്ലാതാക്കിയത്. ബേക്കറികളിൽ മുസ്‍ലിംകളെ പോലെ ഹിന്ദുക്കളും ജോലി ചെയ്തിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി റൊട്ടി വിറ്റ ഹിന്ദു കച്ചവടക്കാർക്കും ഇപ്പോൾ ജോലിയില്ലാതായെന്ന് 32 വർഷം മുമ്പ് തുടങ്ങിയ ഭാരത് ബേക്കറിയുടെ ഉടമ പറഞ്ഞു. മതത്തെ മാത്രമല്ല, ഉപജീവനമാർഗങ്ങളെ കൂടി ഇല്ലാതാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ഹിന്ദുത്വ അംഗങ്ങൾ, കടകൾ പാട്ടത്തിന് നൽകി ഗ്രാമം വിട്ടുപോകാൻ പരസ്യമായി മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി. ഇവിടെ മാത്രം ഒതുങ്ങിനിന്നില്ല, മതപരമായ ഇടങ്ങളെയും ലക്ഷ്യം വെച്ചും വിദ്വേഷ പ്രചാരണം നടന്നു. നമസ്കരിക്കാനുള്ള പള്ളികൾ അതത് പ്രദേശത്തെ മുസ്‍ലിംകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. അതോടെ മുസ്‍ലിംകൾ പള്ളികളിൽ പോകുന്നത് തന്നെ നിർത്തി. പലരും ഉത്തർപ്രദേശിലെ തങ്ങളുടെ പൂർവിക ഗ്രാമങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി. കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. അവർക്ക് വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. മുസ്‍ലിംകളുടെ വാട്സ് ആപ് ഗ്രൂപ്പുകൾ വരെ നിരീക്ഷക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

