ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’ വിളിക്കൂ, ബി.ജെ.പി പ്രവർത്തകന്റെ ഭീഷണിയിൽ നിസ്സഹായനായി മുസ്‍ലിം വയോധികൻ
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി ഓഫിസിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ മുസ്‍ലിം വയോധികനെക്കൊണ്ട് നിർബന്ധപൂർവം ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി. ദുമരിയാഗഞ്ച് ടൗണിലെ ബി.ജെ.പി ഓഫിസിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
‘ബഡ മംഗൾ’ എന്ന വിശേഷദിവസത്തോടനുബന്ധിച്ച് നടന്ന പ്രസാദ വിതരണത്തിനിടെയാണ് സംഭവം. ബി.ജെ.പി പ്രവർത്തകനായ ലവ്‌കുഷ് ഓജയാണ് വയോധികനോട് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടത്. വയോധികനോട്, തനിക്ക് ഭക്ഷണം വേണമെങ്കിൽ ‘ജയ് ശ്രീറാം’എന്നും ‘ജയ് ശ്രീകൃഷ്ണ’ എന്നും വിളിക്കണമെന്ന് ഇയാൾ നിർദ്ദേശിക്കുകയായിരുന്നു.
‘ജയ് ശ്രീറാം എന്ന് പറഞ്ഞാൽ മാത്രമേ പ്രസാദം ലഭിക്കൂ’എന്ന് ലവ്‌കുഷ് ഓജ പറയുന്നതും, നിസ്സഹായാവസ്ഥയിലായ വയോധികൻ അത് അനുസരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പ്രകാരം ഇദ്ദേഹം ബി.ജെ.പി പ്രവർത്തകനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിങ്ങൾ സുരക്ഷിതരല്ലെന്ന വാദം രാജ്യത്തിന്റെ ആഗോള പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അടുത്തിടെ പ്രസ്താവിച്ചിരുന്നു.
അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾ അഭയം തേടി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണവും സ്വാതന്ത്ര്യവും ഇവിടെ ലഭിക്കുന്നുണ്ടെന്നുമാണ് മന്ത്രി വാദിച്ചത്. ഇത്തരം വിമർശനങ്ങൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വാദങ്ങൾക്ക് വലിയ തിരിച്ചടിയാണ് ബി.ജെ.പി ഓഫിസിൽ നിന്നുതന്നെയുണ്ടായ ഈ സംഭവം.
മുസ്‍ലിം വ്യക്തികളെയും മറ്റും ഭീഷണിപ്പെടുത്തി ‘ജയ് ശ്രീറാം’ എന്ന് നിർബന്ധിച്ച് വിളിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്.
റോഡരികിൽ വെച്ച് യാത്രക്കാരെ തടഞ്ഞുനിർത്തി മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുകയും, വഴങ്ങാത്തവരെ മർദ്ദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്.
ആരാധനാലയങ്ങളിൽ അതിക്രമിച്ചു കയറി ഇങ്ങനെ വിളിക്കുന്നത് പലപ്പോഴും വർഗീയ സംഘർഷങ്ങൾക്ക് വഴിതെളിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കോടതികളിലും നിയമപോരാട്ടങ്ങൾ നടക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു പള്ളിയിൽ കയറി 'ജയ് ശ്രീറാം' വിളിച്ചതിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി കർണാടക ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.
രാഷ്ട്രീയ നേതാക്കളും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഇത്തരം മുദ്രാവാക്യങ്ങൾ ഔദ്യോഗിക പരിപാടികളിൽ ഉയർത്താൻ ആവശ്യപ്പെടുന്നത് ഭരണഘടനാപരമായ ചർച്ചകൾക്കും വഴിതുറക്കാറുണ്ട്.തമിഴ്നാട് ഗവർണർ ആർ.എൻ. രവി കോളജ് പരിപാടികളിൽവിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
മതപരമായ ഒരു മുദ്രാവാക്യത്തെ രാഷ്ട്രീയവൽക്കരിക്കുകയും മറ്റുള്ളവരെ അടിച്ചമർത്താനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഈ വിവാദങ്ങളുടെ കാതൽ. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമായാണ് ഇത്തരം നിർബന്ധിത സംഭവങ്ങളെ സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

