സൂറത്തിലെ നവരാത്രി പരിപാടിയിൽ മുസ്‍ലിം കലാകാരൻമാരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബജ്റംഗ്ദൾ- വി.എച്ച്.പി അംഗങ്ങൾ; ക്ഷമ ചോദിച്ച് സംഘാടകർ, ഭാവിയിൽ ആവർത്തിക്കില്ലെന്നും ഉറപ്പ്
text_fieldsമുംബൈ: മുംബൈ ആസ്ഥാനമായുള്ള സംഗീത ബാൻഡിലെ മുസ്‍ലിം ഡ്രമ്മർമാർ ഗർബ പരിപാടി അവതരിപ്പിക്കുന്നതിൽ പ്രതിഷേധവുമായി ബജ്റംഗ്ദൾ, വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങൾ. പരിപാടി നടന്നുകൊണ്ടിരിക്കെ ഇവർ സ്റ്റേജിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് ഒരു മണിക്കൂറോളം സ്വർണ നവരാത്രി ഗർബ പരിപാടി നിർത്തിവെക്കുകയും ചെയ്തു. സൂറത്തിലെ നവരാത്രി പരിപാടിയിൽ മുസ്‍ലിം സംഗീതജ്ഞരെ ഉൾപ്പെടുത്തിയതിന് ഇത് രണ്ടാംതവണയാണ് തീവ്രവലതുപക്ഷ സംഘം പ്രതിഷേധിക്കുന്നത്.
തുടർന്ന് മുസ്‍ലിം സംഗീതജ്ഞരെ ഉൾപ്പെടുത്തിയതിന് സംഘാടകൾ ക്ഷമ ചോദിക്കുകയും അടുത്ത വർഷം നടക്കുന്ന പരിപാടിയിൽ അവരെ ഒഴിവാക്കുമെന്നും ഉറപ്പു നൽകുകയും ചെയ്തു. അതിനു ശേഷമാണ് ഇവരെ ഉൾപ്പെടുത്തി പരിപാടി തുടരാൻ തീവ്രവലതുപക്ഷ സംഘങ്ങൾ അനുവദിച്ചത്.
തിങ്കളാഴ്ച രാത്രി സൂറത്ത് നഗരത്തിലെ വെസു പ്രദേശത്തെ ഓപൺസ്റ്റേജിൽ ധവാൽ മുൻജാനിയും പ്രിൻസ് പട്ടേലും സംഘടിപ്പിച്ച സ്വർണ നവരാത്രി പരിപാടിയിലാണ് സംഭവം.
പരിപാടി നടക്കുന്ന സ്ഥലത്ത് നൂറുകണക്കിന് ബജ്റംഗ്ദൾ, വി.എച്ച്.പി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെയും വിന്യസിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കെ, വലതുപക്ഷ സംഘങ്ങൾ സ്റ്റേജിലേക്ക് നീങ്ങി. പരിപാടിയിൽ മുസ്‍ലിം സംഗീതജ്ഞരെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്തു. തുടർന്ന് സംഘാടകരും വലതുപക്ഷ സംഘാംഗങ്ങളും തമ്മിൽ ചൂടേറിയ വാഗ്ദാനം നടന്നു. ഒടുവിൽ മുസ്‍ലിം ഡ്രമ്മർമാരെ ഉൾപ്പെടുത്തിയതിന് സംഘാടകർ ക്ഷമ ചോദിക്കുകയും അടുത്ത വർഷം അവരെ വിളിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുകയായിരുന്നു. ഉറപ്പു കിട്ടിയ ഉടൻ വലതുപക്ഷ സംഘം സ്ഥലം വിട്ടു. സംഘാടകർ ക്ഷമ ചോദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
തങ്ങളാണ് പരിപാടിയുടെ സംഘാടകരെന്നും ഈ വർഷം സൂറത്തിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകനായ ധാവൽ മുൻജാനി പറഞ്ഞു. മുംബൈയിലെ മ്യൂസിക് ബാൻഡുമായി ഒരു വർഷത്തെ കരാറും നിലവിലുണ്ട്. ആ ബാൻഡിലെ ചില അംഗങ്ങൾ മുസ്‍ലിംകളാണ്, മറ്റുചിലർ ഹിന്ദുക്കളും. കുറച്ചു വർഷങ്ങളായി തങ്ങളാണ് നവരാത്രി പരിപാടികൾ നടത്തുന്നതെന്നും ധാവൽ മുൻജാനി പറഞ്ഞു്
കഴിഞ്ഞ രണ്ടുവർഷമായി കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കാൻ സൂറത്തിലെത്തുന്നുണ്ട്. എന്നാൽ ചില തീവ്രവലതുപക്ഷ നേതാക്കൾ ചില ഡ്രമ്മർമാരുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് ഞങ്ങൾ മാപ്പു പറയുകയും അടുത്ത വർഷം അവരെ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പു നൽകുകയുമായിരുന്നു. സൂറത്തിൽ നടക്കുന്ന നവരാത്രി പരിപാടികളിൽ ഇനിയൊരിക്കലും മുസ്‍ലിം കലാകാരൻമാരെ പങ്കെടുപ്പിക്കില്ലെന്നും അവർക്ക് ഉറപ്പു നൽകിയെന്നും മൻജാനി കൂട്ടിച്ചേർത്തു.
നവരാത്രി പരിപാടി കാണാൻ തീവ്ര വലതുപക്ഷ സംഘങ്ങൾ എത്തിയെന്ന വിവരമറിഞ്ഞ് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായി സൂറത്ത് പൊലീസ് കമീഷണർ അനുപം സിങ് ഗൗലത്ത് പറഞ്ഞു. ഇടക്ക് അനിഷ്ട സംഭവമുണ്ടായെങ്കിലും അത് പരിഹരിച്ച് പരിപാടി മുന്നോട്ടു പോയി. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് കമീഷണർ വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ വർഷം നടന്ന പരിപാടിയിൽ 10 മുസ്‍ലിം കലാകാരൻമാരെയാണ് ഉൾപ്പെടുത്തിയതെന്നും അത് സംഘാടകർക്ക് പിണഞ്ഞ അബദ്ധമായി കരുതി ക്ഷമിക്കുകയായിരുന്നുവെന്നും എന്നാൽ ഇത്തവണയും അവരുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടപ്പോഴാണ് ചോദ്യം ചെയ്തത് എന്നും ബജ്റംഗ് ദൾ നേതാവ് നിലേഷ് അക്ബരി പറഞ്ഞു. ഭാവിയിലും ഇതാവർത്തിക്കരുത് എന്ന് കരുതിയാണ് പ്രതിഷേധിച്ചതെന്നും ബജ്റംഗ് ദൾ നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

