മുസ്‍ലിം ദമ്പതികൾക്ക് വീട് വിറ്റതിനെതിരെ യു.പിയിൽ അയൽവാസികളുടെ പ്രതിഷേധപ്രകടനം
text_fieldsമൊറാദബാദിൽ ഡോക്ടർമാരായ മുസ്‍ലിം ദമ്പതികൾക്ക് വീട് വിറ്റതിനെതിരെ അയൽവാസികൾ പ്രതിഷേധ പ്രകടനം നടത്തുന്നു
മൊറാദാബാദ്: ഉത്തർ പ്രദേശിലെ മൊറാദബാദിൽ ഡോക്ടർമാരായ മുസ്‍ലിം ദമ്പതികൾക്ക് വീട് വിറ്റതിനെതിരെ അയൽവാസികൾ പ്രതിഷേധ പ്രകടനവുമായി രംഗത്ത്. നടത്തിയ പ്രതിഷേധത്തിനൊടുവിൽ വീട് മറ്റൊരാൾക്ക് വിൽക്കേണ്ടിവന്നു. വടക്കൻ മൊറാദാബാദിലെ ഉന്നതർ താമസിക്കുന്ന ടി.ഡി.ഐ സിറ്റിയയിലാണ് അയൽവാസികൾ മുസ്‍ലിം ദമ്പതികൾക്കെതിരെ പ്രകടനവുമായി വന്നത്. ഈ പ്രകടനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബി.ബി.സിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ആറ് വർഷമായി നഗരത്തിൽ കണ്ണാശുപത്രി നടത്തുന്ന ഡോ. അശോക് ബജാജാണ് മുസ്‍ലിം ദമ്പതികൾക്ക് തന്റെ വീട് വിറ്റത്. കഴിഞ്ഞ 40 വർഷമായി തനിക്കറിയാവുന്നവരും സൗഹൃദവുമുള്ള ഡോക്ടർ ദമ്പതികളാണ് ഇവരെന്ന് ബജാജ് പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡോ. ബജാജ് തന്റെ വീട് വാങ്ങിയവരെ അയൽവാസികൾക്ക് പരിചയപ്പെടുത്തിയപ്പോഴാണ് പരിസരവാസികൾ വിൽപനയുടെ വിവരം പുറത്തറിഞ്ഞത്. തങ്ങളോട് ആലോചിക്കാതെയാണ് ഡോക്ടർ വീട് വിറ്റതെന്നും തങ്ങളുടെ ക്ഷേത്രത്തിന് സമീപം ഇവർ താമസിച്ചാൽ ജീവിതം അപകടത്തിലാകുമെന്നും അയൽവാസിയായ മേഘ അറോറ എന്ന സ്ത്രീ പറയുന്നതാണ് വീഡിയോയിൽ. ‘ഈ വിൽപ്പന പിൻവലിക്കണം. പുതിയ ഉടമകളുടെ പേരിൽ വീടിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുന്നു. മറ്റൊരു മതത്തിൽപ്പെട്ടവർ ഇവിടെ വന്നു താമസിക്കുന്നത് അനുവദിക്കാനാവില്ല. അവരെ അകത്ത് കടക്കാൻ അനുവദിക്കാത്തിടത്തോളം ഞങ്ങൾ പ്രതിഷേധം തുടരും’ മേഘ അറോറ പറയുന്നത് ഇങ്ങനെയാണ്. പ്രദേശവാസികളിൽ പലരും പരാതി നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലും എത്തിയിരുന്നു. ആ സമയം മജിസ്ട്രേറ്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധക്കാർ ഡോ. ബജാജിനും മുസ്‍ലിം ദമ്പതികൾക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. പരിസരവാസികൾ ബാനറുകളും ഉയർത്തിയാണ് പ്രകടനമായി പ്രതിഷേധിക്കാൻ ഇറങ്ങിയത്.
ഒട്ടും പ്രതീക്ഷിക്കാത്തതായി പോയി ഈ പ്രതിഷേധങ്ങൾ എന്നായിരുന്നു ഡോ. ബജാജിന്റെ പ്രതികരണം. ‘ഈ കോളനിയിൽ മുസ്‍ലിംകൾ താമസിക്കുന്നുണ്ട്. അവർ അയൽവാസികളുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്. പക്ഷേ, ഇങ്ങനെയൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രതിഷേധം കാരണമായിരിക്കണം, വെള്ളിയാഴ്ച ഇവിടുത്തെ പ്രാദേശിക ജനപ്രതിനിധി തന്നെ നേരിട്ടുവന്ന് കണ്ട് ഈ വീട് കോളനിയിലുള്ള മറ്റൊരാൾക്ക് വീണ്ടും വിൽക്കണമെന്ന് ആവശ്യപ്പെട്ടു. കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെയൊരു റസിഡന്റ്സ് അസോസിയേഷൻ ഇല്ല. ഇപ്പോൾ തിരക്കുപിടിച്ച് ഒരെണ്ണം തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ് കോളനിവാസികൾ’ - ഡോ. ബജാജ് പറയുന്നു.
ദമ്പതികളെ കോളനിയിൽ താമസിക്കാൻ അനുവദിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. വർഗീയ ധ്രുവീകരണം താഴെത്തട്ടിൽ വരെ പിടിമുറുക്കിയതിന്റെ തെളിവാണ് ഈ സംഭവമെന്ന് ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്സ് ആന്റ് പബ്ലിക് പോളിസി പ്രൊഫസർ തൻവീർ ഐജാസ് പറയുന്നു. ‘ഈ പ്രതിഷേധം ആ ദമ്പതികളുടെ മൗലികവും നിയമപരവുമായ അവകാശങ്ങളുടെ ലംഘനമാണ്. വ്യക്തിയുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ്. ഇത്തരം സംഭവങ്ങൾ വർധിച്ചാൽ അത് ഇന്ത്യൻ ഭരണഘടനയെ തന്നെയാവും അപകടത്തിലാക്കുക’ - പ്രൊഫസർ തൻവീർ ഐജാസ് കൂട്ടിച്ചേർത്തു.
സംഭവം ഉദ്ധരിച്ച് ‘പുതിയ ഇന്ത്യയിലേക്ക് സ്വാഗതം’ എന്നാണ് ഹാസ്യനടൻ ആകാശ് ബാനർജി X-ൽ കുറിച്ചത്. ‘രാഷ്ട്രമെന്ന നിലയിൽ നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ച് നമ്മൾ എപ്പോഴും അഭിമാനിക്കുന്നു. എന്നാൽ, ഈ സംഭവങ്ങളിൽ നാം ലജ്ജിക്കണം’ സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് കുറിച്ചത് ഇങ്ങനെയാണ്.
2021ലും മൊറാദാബാദിൽ ഇതുപോലെ മുസ്‍ലിംകൾക്ക് വീട് വിറ്റതിനെതിരെ പ്രതിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം മുസ്‍ലിംകൾക്ക് എതിരെ വിവേചനങ്ങൾ പെരുകുന്നതായും വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ മുസ്‍ലിംകൾക്ക് മതം തടസ്സമാകുന്നുവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

