ഗുരുഗ്രാമിലെ മുസ്ലിം സമൂഹം ചോദിക്കുന്നു; 'ജുമുഅ'ക്ക് ഞങ്ങൾ ഇനി എങ്ങോട്ടുപോകണം?
text_fieldsഗുരുഗ്രാമിലെ അക്ഷയ് യാദവിെൻറ കടമുറിയിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്ന മുൻ രാജ്യസഭ എം.പി മുഹമ്മദ് അദീബ്
ഗുരുഗ്രാമിലെ സെക്ടർ 12ലെ ഒഴിഞ്ഞ മൈതാനത്ത് രണ്ടാഴ്ച മുമ്പുവരെ മുസ്ലിംകളുടെ വെള്ളിയാഴ്ച പ്രാർഥന തടസ്സമില്ലാതെ നടന്നിരുന്നു. ഇപ്പോൾ അത് തടസ്സപ്പെട്ടിരിക്കുന്നു. രണ്ടു ഡസനോളം വരുന്ന ഹിന്ദുത്വ തീവ്രവാദികളാണ് നമസ്കരിക്കാനെത്തുന്നവരെ മുദ്രാവാക്യം വിളിച്ച് തിരിച്ചയക്കുന്നത്.
ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമങ്ങളല്ലാതെ പൊലീസോ ജില്ല ഭരണകൂടത്തിെൻറ ഉത്തരവാദപ്പെട്ടവരോ സ്ഥലത്തില്ല. അതിനും കേവലം 200 മീറ്റർ അകലെയാണ് വർഗീയവാദികളുടെ ഇൗ പ്രവൃത്തിയിൽ മനംനൊന്ത് മുസ്ലിം സഹോദരങ്ങൾക്ക് നമസ്കാരത്തിന് അക്ഷയ് യാദവ് തുറന്നുകൊടുത്ത കടമുറികൾ.
അക്ഷയ് യാദവിെൻറ രണ്ടു കടമുറികളിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്നവരിൽ രാജ്യസഭ മുൻ എം.പി മുഹമ്മദ് അദീബുമുണ്ട്. അക്ഷയ് യാദവിനോട് നന്ദി പറയാൻ വാക്കുകളില്ലെന്ന് അദീബ് പറഞ്ഞു. അക്ഷയ് യാദവും ഗുരുദ്വാര കമ്മിറ്റിയും ഇന്ത്യ ഇനിയും നിലനിൽക്കുന്നുവെന്നതിെൻറ ഗുരുഗ്രാമിലെ തെളിവുകളാണ്. പ്രശ്നക്കാരോട് മാത്രമല്ല, പ്രശ്നം തടയാൻ ശ്രമിക്കാത്ത ഭരണകൂടത്തോടും പ്രതിഷേധമുണ്ടെന്ന് അദീബ് പറഞ്ഞു. ആഴ്ചയിലൊരിക്കൽ കേവലം 15-20 മിനിറ്റ് നേരമാണ് ജുമുഅക്കാവശ്യമായ സമയം.
അതുപോലും അനുവദിക്കില്ലെന്നുപറഞ്ഞ് സ്വന്തം സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഇൗ സാമൂഹിക വിരുദ്ധരെ സഹിഷ്ണുതയുടെ മതമെന്നു ലോകമൊട്ടുക്കും കേൾവികേട്ട ഹിന്ദുമതത്തിലെ അംഗങ്ങൾ തന്നെയാണ് തടയേണ്ടതെന്ന് അദീബ് പറഞ്ഞു.
ഒരുദിവസം മുഴുവൻ നീണ്ടുനിന്ന ഗുരുനാനാക് ജയന്തി ആഘോഷങ്ങൾക്ക് പ്രയാസങ്ങൾ വേണ്ടെന്നുകരുതി ഞങ്ങൾ തന്നെ ഇൗ െവള്ളിയാഴ്ച ഗുരുദ്വാരകളിൽ ജുമുഅ വേണ്ടെന്നുവെച്ചുവെന്ന് അദീബ് പറഞ്ഞു. ഗുരുദ്വാരകളിൽ നമസ്കാരം അനുവദിക്കരുതെന്ന് ഇൗ സാമൂഹിക വിരുദ്ധർ സിഖ് സമുദായത്തിനുമേലും സമ്മർദം ചെലുത്തുന്നുണ്ടെന്ന് അദീബ് കൂട്ടിച്ചേർത്തു.
ന്യൂ ഗുരുഗ്രാമിൽ പുതിയ രണ്ട് പള്ളികളേയുള്ളൂ എന്ന് നമസ്കാരം കഴിഞ്ഞിറങ്ങിവന്ന ഗുരുഗ്രാം ഏക്താ മഞ്ചിെൻറ അൽതാഫ് പറഞ്ഞു. ഒന്നിൽ 300 ആളുകൾക്കും മറ്റൊന്നിൽ പരമാവധി 700 പേർക്കും നമസ്കരിക്കാനുള്ള സൗകര്യമാണുള്ളത്. ആയിരം പേർക്ക് മാത്രമേ ഇൗ രണ്ട് പള്ളികളിലായി നമസ്കരിക്കാൻ കഴിയൂ എന്നിരിക്കേ ഗുരുഗ്രാമിലുള്ള അഞ്ചുലക്ഷത്തോളം മുസ്ലിംകളിൽ ബാക്കിയുള്ളവർ എവിടെ പോകുമെന്ന് അൽതാഫ് ചോദിച്ചു. ഒാരോ സെക്ടറിലും ചർച്ചിനും ഗുരുദ്വാരക്കും അടക്കം സർക്കാറാണ് സ്ഥലം അനുവദിക്കുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിരന്തരം അപേക്ഷകൾ നൽകിയിട്ടും പള്ളിക്ക് മാത്രം സ്ഥലം അനുവദിക്കുന്നില്ല. 2004ൽ
സെക്ടർ 57ൽ അനുവദിച്ച ഭൂമിയാണ് ഒടുവിലത്തേത്. അതിന് ശേഷവും ജനസംഖ്യ എത്രയോ ഇരട്ടിയായി. എന്നിട്ടും ഒരു പള്ളിക്ക് പോലും സ്ഥലം അനുവദിച്ചില്ല. സ്വകാര്യസ്ഥലങ്ങളിൽ പള്ളിയുണ്ടാക്കാൻ ശ്രമിക്കുേമ്പാൾ അതിനും ജില്ല ഭരണകൂടം അനുമതി നൽകുന്നില്ല. ഇന്നിപ്പോൾ ഞാനടക്കം ഗുരുഗ്രാമിലെ മുസ്ലിംകൾ ഒന്നടങ്കം ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയുടെ നിഴലിലാണ്. വെള്ളിയാഴ്ച പ്രാർഥനക്കായി പുറത്തുപോയാൽ ആക്രമിക്കപ്പെടുമോ എന്ന ഭീതിയിലാണ് ഞങ്ങൾ. ഞങ്ങൾ പ്രാർഥനക്കിറങ്ങിയാൽ തിരിച്ചെത്തുന്നതുവരെ ഉമ്മമാരും ഭാര്യമാരും മക്കളുമെല്ലാം ഇതേ ഭീതിയിലാണെന്നും അൽതാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

