മുംബൈയിൽ മുസ്‍ലിം പുരോഹിതന് നേരെ ആക്രമണം; കണ്ണ് തകർത്തു, തലയിൽ 42 തുന്നലുകൾ
text_fieldsചികിത്സയിലുള്ള മൗലാനാ സറഫാത് ഹുസൈൻ ഖാൻ, ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യം (വലത്ത്)
മുംബൈ: ദുർമന്ത്രവാദം ആരോപിച്ച് മുംബൈയിൽ 53കാരനായ മുസ്‍ലിം പുരോഹിതന് നേരെ ക്രൂരമായ ആക്രമണം. കല്ലുകൊണ്ടുള്ള അടിയേറ്റ് വലതു കണ്ണ് തകർന്നു. തലയിൽ 42 തുന്നലുകളാണുള്ളത്. മിരാ റോഡിലെ മൗലാനാ സറഫാത് ഹുസൈൻ ഖാനാണ് ആക്രമിക്കപ്പെട്ടത്. 26കാരനായ അബ്ദുൾ റസാഖ് സോളങ്കിയാണ് പ്രതി.
നയാ നഗറിലെ ദാറൂൽ ഉലൂം മദ്രസാ അധ്യാപകനാണ് മൗലാനാ സറഫാത് ഹുസൈൻ ഖാൻ. തന്‍റെ പിതാവിന് ബിസിനസിൽ കനത്ത നഷ്ടമുണ്ടായത് സറഫാത് ഹുസൈൻ ഖാൻ ദുർമന്ത്രവാദം നടത്തിയത് മൂലമാണെന്ന് ആരോപിച്ചായിരുന്നു അബ്ദുൾ റസാഖ് സോളങ്കിയുടെ ആക്രമണം.
ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ രാത്രി 10ഓടെയാണ് പ്രതി ഇയാളെ ആക്രമിച്ചത്. കല്ലുകൊണ്ട് തുടരെ തുടരെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സറഫാത് ഹുസൈൻ ഖാൻ റോഡിൽ വീണു. നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
മൗലാനയെ കൊല്ലാനായിരുന്നു ഉദ്ദേശമെന്ന് പ്രതി സോളങ്കി പൊലീസിനോട് പറഞ്ഞു. ലോക്ഡൗണിൽ ഇയാളുടെ പിതാവിന് റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ കനത്ത നഷ്ടം നേരിട്ടു. മൗലാന മന്ത്രവാദം ചെയ്തതാണ് ഇതിന് കാരണമെന്നാണ് സോളങ്കി വിശ്വസിച്ചിരുന്നത്.
മൗലാനയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, തന്‍റെ പിതാവ് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് മൗലാനയുടെ മകൻ ജുബിയുള്ള ഹുസൈൻ ഖാൻ പറഞ്ഞു. പിതാവ് പഠിപ്പിക്കുന്ന മദ്രസയിൽ സോളങ്കി പതിവായി വരാറുണ്ടായിരുന്നു. പെട്ടെന്നാണ് ഇയാളുടെ സ്വഭാവത്തിൽ മാറ്റം വന്നതും പിതാവിന് നേരെ ശത്രുതയുണ്ടായതും. ആരോ തെറ്റിദ്ധരിപ്പിച്ചതായാണ് കരുതുന്നതെന്നും ജുബിയുള്ള ഹുസൈൻ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

