കണ്ണടച്ചാൽ വംശവെറിയുടെ മർദനപ്പാടുകൾ മാത്രം; ചികിത്സ തേടി യു.പി ബാലൻ
text_fieldsവിദ്യാർഥിയെ സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക തൃപ്ത ത്യാഗി
ലഖ്നോ/മുസഫർനഗർ: ആക്രോശിക്കുന്ന അധ്യാപികയുടെ നിർദേശപ്രകാരം മുഖത്തും ശരീരത്തിലും സഹപാഠികളുടെ കൈകൾ ആഞ്ഞുപതിച്ച യു.പിയിലെ രണ്ടാംക്ലാസുകാരനായ മുസ്ലിം വിദ്യാർഥി കടുത്ത മാനസിക സമ്മർദത്തിൽ.
ഉറങ്ങാൻപോലും കഴിയാതായതോടെ കുട്ടിയെ ബന്ധുക്കൾ മീറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കുശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയതായും രക്ഷിതാക്കൾ പറഞ്ഞു. ‘‘മാനസികപ്രയാസം നേരിടുന്നുവെന്നും ഉറക്കം നഷ്ടപ്പെടുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. അതേസമയം, ഖുബ്ബാപുരിലെ നേഹ പബ്ലിക് സ്കൂൾ അടച്ചുപൂട്ടിയിട്ടില്ലെന്നും സാധാരണ അധ്യയനം തുടരുമെന്നും അധികൃതർ വിശദീകരിച്ചു.
അംഗീകാരം സംബന്ധിച്ചുള്ള വിശദീകരണം ചോദിക്കുകയാണുണ്ടായതെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ, സ്കൂൾ തിങ്കളാഴ്ചയും പ്രവർത്തിച്ചില്ല. ഇതിനിടെ, കുറ്റാരോപിതയായ അധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്നും ഇവിടെ പഠനം തുടരാൻ താൽപര്യമില്ലെന്നും പിതാവ് വ്യക്തമാക്കി. തുടർന്ന് കുട്ടി ഏതാനും കിലോമീറ്റർ അകലെ ഷാപുർ പട്ടണത്തിലെ മറ്റൊരു സ്വകാര്യ സ്കൂളിലേക്ക് മാറിയതായി കുട്ടിയുടെ പഠനം ഏറ്റെടുത്ത ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അറിയിച്ചു.
തിങ്കളാഴ്ച പുതിയ സ്കൂളിലെത്തിയ കുട്ടിയുടെ പിതാവ് പ്രവേശന നടപടികൾ പൂർത്തീകരിച്ചു. കുട്ടിയെ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും വാടക വാഹനവും ഏർപ്പാടാക്കിയിട്ടുണ്ട്.
ഇതിനിടെ, കുറ്റാരോപിതയായ അധ്യാപിക അതേ സ്കൂളിൽ തുടരുമോ എന്ന ചോദ്യത്തിന്, കേസിന്റെ വിവരങ്ങൾക്ക് അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കുകയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

