എ.ആർ. റഹ്മാൻ വിവാഹമോചിതനാകുന്നു; ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറ
text_fieldsചെന്നൈ: പ്രശസ്ത സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിൽ അറിയിച്ചത്. ഏറെ പ്രയാസകരമായ തീരുമാനമെന്ന് സൈറ പറയുന്നു.
‘വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ ഭർത്താവ് എ.ആർ. റഹ്മാനുമായി വേർപിരിയാനുള്ള ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. പരസ്പരം സ്നേഹം നിലനിൽക്കുമ്പോഴും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ തിരിച്ചറിഞ്ഞു, ആർക്കും ഇത് പരിഹരിക്കാൻ കഴിയില്ല. ഏറെ വിഷമത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ -വന്ദന ഷാ പ്രസ്താവനയിൽ പറയുന്നു.
1995ലാണ് റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടക്കിടെ പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളുണ്ട്.

