മുർഷിദാബാദ് കലാപം: ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവർ ബി.എസ്.എഫ് യൂനിഫോമിൽ നുഴഞ്ഞു കയറിയെന്ന്
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഏപ്രിലിൽ വഖഫ് ഭോദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തോട് അനുബന്ധിച്ച് ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സംഷേർഗഞ്ചിലെ പൊലീസ് നിഷ്ക്രിയത്വവും വർഗീയ പക്ഷപാതവുമാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സും ബന്ദ മുക്തി കമ്മിറ്റിയും നടത്തിയ സംയുക്ത അന്വേഷണത്തിന്‍റെ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.
വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് സുരക്ഷ ഉറപ്പാക്കാനായി നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. അക്രമ സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന അക്രമ സംഭവങ്ങൾ മുഖ്യമായും പൊലീസ് നിഷ്‌ക്രിയത്വത്തിന്റെ ഫലമാണെന്ന് റിപ്പോർട്ടിൽ വിവരിക്കുന്നു.
സംഘർഷത്തിന്‍റെ തുടക്കത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അക്രമം തടയാമായിരുന്നുവെന്ന് ഇരകൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു പേർ ഹർഗോബിന്ദ് ദാസും മകൻ ചന്ദൻ ദാസുമാണ്. മാരകമുറിവേറ്റ ഇവർ മൂന്നു മണിക്കൂറോളം വൈദ്യസഹായത്തിനായുള്ള കാത്തിരിപ്പിനൊടുവിലാണ് മരണപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അക്രമം തടയുന്നതിലുള്ള അതിർത്തി സുരക്ഷ സേന (ബി.എസ്.എഫ്) പങ്കിനെ കുറിച്ചും റിപ്പോർട്ടിൽ ചോദ്യം ഉയരുന്നുണ്ട്. അക്രമങ്ങളിലെ മൂന്നാമത്തെ ഇരയായ ഇജാസ് അഹമ്മദിനെ ബി.എസ്.എഫ് വെടിവച്ചു കൊലപ്പെടുത്തി. ബി.എസ്.എഫ് വെടിവെപ്പിൽ കുറഞ്ഞത് 13 മുസ് ലിംകൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ബി.എസ്.എഫ് സേനാംഗങ്ങൾ ചെരിപ്പ് ധരിച്ചിരുന്നു. ഇത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ്. ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവർ ബി.എസ്.എഫ് യൂനിഫോമിൽ നുഴഞ്ഞു കയറിയതായി ചിലർ സംശയിക്കുന്നതായും സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
പ്രായപൂർത്തിയാകാത്ത മുസ് ലിംകളെയും പൊലീസ് ലക്ഷ്യമിട്ടു. നടപടിക്രമങ്ങൾ പാലിക്കാതെ മുസ് ലിംകളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വാറന്‍റില്ലാതെ സംശയത്തിന്‍റെ പേരിലും കുറ്റപത്രങ്ങളില്ലാതെയും ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ക്രൂരതയുടെയും കസ്റ്റഡി അക്രമങ്ങളുടെയും വിവരങ്ങളും പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു.
സംയുക്ത അന്വേഷണത്തിന്‍റെ ഭാഗമായി 300 എഫ്.ഐ.ആറുകൾ വസ്തുതാന്വേഷണ സംഘം പരിശോധിച്ചു. ഇതിൽ ഭൂരിഭാഗവും സമാന സ്വഭാവത്തിലുള്ള പരാതികളാണ്, ആളുകളുടെ പേരുകളിൽ മാത്രമാണ് മാറ്റമുള്ളത്. കെട്ടിച്ചമച്ച ആരോപണവും വർഗീയ പക്ഷപാതവും പരാതികളിൽ നിറഞ്ഞു നിൽക്കുന്നു. വ്യാജവും മുസ് ലിം വിരുദ്ധവുമായ പരാതികൾ പ്രകാരമാണ് അറസ്റ്റുകൾ നടന്നത്. മുസ് ലിം-ദലിത് വിഭാഗങ്ങൾക്കിടയിൽ സംഘർഷം പടർത്താൻ ബോധപൂർവമായ ശ്രമവും നടന്നതായി എഫ്.ഐ.ആറിലെ വിവരങ്ങളിൽ നിന്ന് വ്യക്തമായി. ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും രാജ്യ വ്യാപകമായി നടപ്പാക്കുന്ന തന്ത്രങ്ങളാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംയുക്ത അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ബി.എസ്.എഫ് വെടിവെപ്പിൽ പരിക്കേറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം, വ്യാജ ആരോപണങ്ങളുടെ പേരിൽ തടവിലാക്കിയവരെ വിട്ടയക്കണം, തടവിലുള്ളവർക്ക് നിയമസഹായം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെക്കുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ മധ്യ കൊൽക്കത്തയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഇന്ത്യൻ സെക്കുലർ ഫ്രന്റ് (ഐ.എസ്.എഫ്) പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഹർഗോബിന്ദോ ദാസിന്റെയും മകൻ ചന്ദൻ ദാസിന്റെയും കൊലപാതകത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. മുർഷിദാബാദിലെ അക്രമവുമായി ബന്ധപ്പെട്ട് 210 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

