‘ഇൻഡ്യ സഖ്യത്തെ ഇനി അഖിലേഷ് യാദവ് നയിക്കണം’; ബിഹാറിൽ കോൺഗ്രസിന്റെ പരാജയത്തിനുശേഷം നേതൃമാറ്റ ആവശ്യമുന്നയിച്ച് എസ്.പി എം.എൽ.എ
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിനു ശേഷം ഇൻഡ്യ സഖ്യത്തിന് പുതിയ തലവൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. സമാജ് വാദി പാർട്ടി നേതാവും കനൗജിൽ നിന്നുള്ള എം.പിയുമായ അഖിലേഷ് യാദവ് ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയർന്നിരിക്കുന്നത്. സമാജ് വാദി പാർട്ടി എം.എൽ.എ തന്നെയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചതും.
പ്രതിപക്ഷ സഖ്യത്തെ അഖിലേഷ് നയിക്കുകയാണെങ്കിൽ ഉറപ്പായും അടുത്ത തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽ സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് രവിദാസ് മെഹ്റോത്ര അഭിപ്രായപ്പെട്ടത്. രാഷ്ട്രീയമായി രാജ്യത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 37 സീറ്റുകളാണ് സമാജ്‍വാദി പാർട്ടി നേടിയെടുത്തത്. കോൺഗ്രസിനു പിന്നാലെ പ്രതിപക്ഷ സഖ്യത്തിൽ കൂടുതൽ സീറ്റുകൾ നേടുന്ന രണ്ടാമത്തെ പാർട്ടിയായി മാറുകയും ചെയ്തു.
ബിഹാറിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ രീതി ആയിരുന്നുവെങ്കിൽ ഉറപ്പായും ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപവത്കരിക്കാൻ കഴിയുമായിരുന്നുവെന്നും സമാജ് വാദി എം.എൽ.എ അഭിപ്രായപ്പെട്ടു. അഖിലേഷ് യാദവ് രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മുകൾ ഒഴിവാക്കി ബാലറ്റ് പേപ്പറുകൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
''ഇൻഡ്യ സഖ്യത്തെ ഇനി സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് നയിക്കട്ടെ. അങ്ങനെയെങ്കിൽ സമാജ്‍വാദി പാർട്ടിക്ക് സ്വന്തം നിലക്ക് യു.പിയിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കും''-രവിദാസ് മെഹ്റോത്ര പറഞ്ഞു.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 19 സീറ്റുകളായിരുന്നു കോൺഗ്രസിന്. ഇത്തവണ അത് ആറിലൊതുങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംസ്ഥാന നിരവധി റാലികൾ നടത്തിയിട്ടും ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. ആർ.ജെ.ഡിക്ക് ഇത്തവണ 25 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 ആയിരുന്നു. 243 അംഗ നിയമസഭയിൽ 202 സീറ്റുകളുമായാണ് എൻ.ഡി.എ സർക്കാർ രൂപവത്കരിക്കാൻ ഒരുങ്ങുന്നത്.
കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇൻഡ്യ സഖ്യത്തിന് നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് പിന്നിൽ. കുറച്ചു മുമ്പ് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയും രാഹുലിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഇൻഡ്യ സഖ്യത്തിന്റെ നേതാവാക്കണമെന്നായിരുന്നു കല്യാൺ ബാനർജിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

