'സർക്കാർ തന്നെ അഴിമതിയിൽ മുങ്ങിനിൽക്കുന്നു'; മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുരളി മനോഹർ ജോഷി
text_fieldsനരേന്ദ്രമോദി, മുരളി മനോഹർ ജോഷി
ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും ഭരണ മുൻഗണനകളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി. വിദ്യാഭ്യാസ മേഖലയിലെ നിരന്തരമായ ചോദ്യപേപ്പർ ചോർച്ച, ബജറ്റ് വിഹിതത്തിലെ കുറവ്, പൊതുവിദ്യാലയങ്ങൾ പൂട്ടുന്നത്, അനിയന്ത്രിതമായ വാണിജ്യവൽക്കരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളെ ശക്തമായി വിമർശിച്ച ജോഷി, അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ഇത്തരം ചോർച്ചകൾ ഉണ്ടാകാതിരുന്നതെന്ന് ചോദിച്ചു.
"വളരെ വിനയത്തോടെ ഞാൻ ചോദിക്കുകയാണ്—എന്തുകൊണ്ടാണ് വാജ്‌പേയിജിയുടെ ഭരണകാലത്ത് ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടാകാതിരുന്നത്? ഇപ്പോൾ ബാങ്കുകളിൽ അഴിമതി നടക്കുന്നു, ബിസിനസ്സുകളിൽ അഴിമതി നടക്കുന്നു, സർക്കാർ തന്നെ അഴിമതികളിൽ മുങ്ങിനിൽക്കുകയാണ്. ഇങ്ങനെയുള്ളപ്പോൾ പാവപ്പെട്ട വിദ്യാർത്ഥികളെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? മുതിർന്നവർ ചെയ്യുന്നതാണ് അവരും പിന്തുടരുന്നത്."
വിദ്യാഭ്യാസ മേഖല കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയിൽ ഇല്ലെന്ന് ജോഷി കുറ്റപ്പെടുത്തി. അടിസ്ഥാന വികസനം എന്നാൽ റോഡുകൾ നിർമിക്കുന്നത് മാത്രമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. റോഡുണ്ടാക്കിയാൽ മാത്രം പോരാ, അതിന് യോഗ്യരായ എഞ്ചിനീയർമാരെ വാർത്തെടുക്കാനുള്ള സ്ഥാപനങ്ങളും വേണം. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണവും രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചികിത്സയും വിദ്യാഭ്യാസവും ലാഭമുണ്ടാക്കാനുള്ള ബിസിനസ്സ് ആയി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം രീതികൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം ഭയാനകമായ അവസ്ഥയിലാണെന്ന് ജോഷി ചൂണ്ടിക്കാട്ടി. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്.ഡി നേടിയവരും മുൻസിപ്പൽ ഓഫീസുകളിൽ നിസ്സാര ജോലികൾ ചെയ്യുന്നതും, ബി.എഡ് ബിരുദധാരിയായ ഒരാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നത് കണ്ടപ്പോൾ തനിക്ക് വലിയ വേദന തോന്നിയെന്നും അദ്ദേഹം അനുസ്മരിച്ചു. പുതിയ കോളേജുകൾ സ്ഥാപിക്കുന്നതിനപ്പുറം വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള ജോലികൾ ലഭ്യമാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കാൻ ഏകീകൃത അയൽപക്ക സ്കൂൾ സംവിധാനം നടപ്പിലാക്കണമെന്നും മുരളി മനോഹർ ജോഷി നിർദ്ദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഉദ്യോഗസ്ഥരുടെയോ ധനികരുടെയോ പാവപ്പെട്ടവരുടെയോ കുട്ടികൾ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്കൂളുകളിൽ ഒരേ നിലവാരത്തിൽ പഠിക്കുന്ന സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, മുൻപ് രാജീവ് ഗാന്ധിയുടെ കാലത്ത് തയ്യാറാക്കിയ നയം എന്ന ഒരൊറ്റ കാരണത്താൽ വിദ്യാഭ്യാസ നയങ്ങളിൽ അനാവശ്യ മാറ്റങ്ങൾ വരുത്തേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

