പട്ടാപ്പകൽ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ, കാമറയിൽ പകർത്തിയ ആൾക്കായി തിരച്ചിൽ തുടരുന്നു
text_fieldsപ്രതീകാത്മക ചിത്രം
മീററ്റ്: കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച 11 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പട്ടാപ്പകൽ ഒരാളെ വെടിവെച്ചു കൊല്ലുന്നതായി കാണിച്ചിരുന്നു. നാല് ദിവസം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള സുൽക്കമാറാണ് അറസ്റ്റിലായത്. എന്നാൽ കൊലപാതകം ചിത്രീകരിച്ച പ്രതി ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ പ്രണയബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ എടുത്തത് 18 വയസ്സുള്ള യുവാവാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട ബാക്കി പ്രതികളെ കണ്ടെത്താൻ നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ലോഹിയ നഗറിലെ പൊലീസ് ഉദ്യോഗസ്ഥൻ യോഗേഷ് ചന്ദ്ര പറഞ്ഞു.
ലിസാരി ഗേറ്റ് പ്രദേശത്ത് നിന്നുള്ള വസ്ത്ര വിൽപ്പനക്കാരനായ ആദിൽ എന്ന റെഹാനാണ് (25) വെടിയേറ്റ് മരിച്ചത്. റെഹാന് നേരെ വെടിയുതിർത്ത സുൽക്കമാർ മൂന്ന് തവണ നെഞ്ചിലേക്ക് വെടിയുതിർക്കുന്നതും വിഡിയോയിലുണ്ട്. ലോഹിയ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നർഹാദ ഗ്രാമത്തിലെ വനപ്രദേശത്താണ് കൊലപാതകം നടന്നത്. സെപ്റ്റംബർ 30 ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തെത്തുടർന്ന് നടന്ന ഒരു ഓപ്പറേഷനിൽ പൊലീസും പ്രതികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. വെടിവെപ്പിനിടെ സുൽക്കമാറിന് പരിക്കേൽക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പ്രതി ആ സമയം ഓടി രക്ഷപ്പെട്ടു.
വെടിവെക്കാൻ തന്നെ കൂട്ടുകാരൻ പ്രേരിപ്പിച്ചതാണെന്ന് സുൽക്കമാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയുടെ കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

