Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ ആറ് നാഗാ...

മണിപ്പൂരിൽ ആറ് നാഗാ വംശജരുടെ കൊലപാതകം; കുക്കി ദമ്പതികൾ അറസ്റ്റിൽ

text_fields
bookmark_border
മണിപ്പൂരിൽ ആറ് നാഗാ വംശജരുടെ കൊലപാതകം; കുക്കി ദമ്പതികൾ അറസ്റ്റിൽ
cancel

ഗുഹാഹത്തി: മണിപ്പൂരിൽ ആറ് നാഗാ വംശജരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുക്കി ദമ്പതികൾ അറസ്റ്റിൽ. സംസ്ഥാന പോലീസ്, ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) തുടങ്ങിയവയ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് വെള്ളിയാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രദീപ്, അയിംഗ്ബി എന്നിവരാണ് പിടിയിലായത്. കൃത്യമായ ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് മണിപ്പൂർ പൊലീസ് എക്സിൽ കുറിച്ചു.

ജൂൺ പതിനൊന്നിനാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെന്ന സൂചനകൾക്ക് പിന്നാലെ കുക്കി സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാംഗ്‌പോക്പി ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്ന് സുരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. നാഗാ വിഭാഗത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന 14 കുക്കി തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിനെ വീണ്ടും ആശങ്കയിലാഴ്ത്തി നാഗ അംഗങ്ങളുടെ കൊലപാതകം നടന്നത്.

കെൻപിബൗ ചവാങ്, മനു തിയുമൈ, ഫെൻറോങ്വിബോ തിയുമൈ, ദിലീപ് തിയുമൈ, കലിവാങ്ബൗ അബോൺമൈ, സി.എച്ച് ഫെൻരിലുങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആദ്യത്തെ രണ്ടുപേർ പാസ്റ്റർമാരാണ്. പൊലീസും സി.ആർ.പി.എഫും അസം റൈഫിൾസും അടങ്ങുന്ന 450 അംഗ സംയുക്ത സംഘം നടത്തിയ 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മെയ് 13ന് തൗഡോ ബാപ്റ്റിസ്റ്റ് അസോസിയേഷനിലെ മൂന്ന് കുക്കി പാസ്റ്റർമാർ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി ആരംഭിക്കുന്നത്. നാഗാ സായുധ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചിരുന്നു. ഇതിന് പ്രതികാരമായി നോണി ജില്ലയിൽ ഒരു നാഗാ സിവിലിയൻ വെടിയേറ്റ് മരിക്കുകയും കാംഗ്‌പോക്പിയിൽ നിന്ന് നിരവധി നാഗാ ഗ്രാമീണരെ കുക്കികൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനെത്തുടർന്ന് നാഗാ വിഭാഗം സേനാപതി ജില്ലയിൽ നിന്ന് കുക്കി ഗ്രാമീണരെയും തടവിലാക്കിയിരുന്നു.

മെയ് 15ന് ഇരുവിഭാഗവും 14 തടവുകാരെ വീതം പരസ്പരം കൈമാറിയിരുന്നു. എന്നാൽ കുക്കികളുടെ കസ്റ്റഡിയിലുള്ള തങ്ങളുടെ ആറ് പേരെ വിട്ടയക്കാതെ ബാക്കിയുള്ള കുക്കി തടവുകാരെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്നു നാഗാ ഗ്രൂപ്പുകൾ. തുടർന്നാണ് ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും കുക്കി വിഭാഗത്തിൽ നിന്നുള്ള മണിപ്പൂർ ഉപമുഖ്യമന്ത്രി നെംച കിപ്‌ഗനും കൊലപാതകത്തെ ശക്തമായി അപലപിച്ചിരുന്നു. കുക്കി വിഭാഗത്തിന്റെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂരും കൊലപാതകത്തെ അപലപിക്കുകയും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurclashManipuri NagasIndiaKuki
News Summary - Murder of Six Naga Tribe Members: Kuki Couple Arrested in Manipur
Next Story