ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു; ഭർത്താവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു
text_fieldsത്രിപുര: ആൺ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽ പ്രകോപിതനായ മധ്യവയസ്ക്കൻ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു.
സംഭവത്തിൽ സെപാഹിജാല ജില്ലയിലെ മധുപൂരിൽ കോഴി ഫാം നടത്തുന്ന 51 കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളും ഭാര്യയും ഒരു വർഷമായി വേർപിരിഞ്ഞാണ് താമസം. പ്രതി രണ്ട് മക്കൾക്കൊപ്പം മധുപൂരിലാണ് താമസിക്കുന്നത്. ഇയാൾക്കെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്ത ഭാര്യ നേതാജിനഗറിൽ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ കണ്ട് പ്രകോപിതനായ ഇയാൾ ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തി.
ദുർഗാ പൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

