നഗരസഭ മേയർ: കല്യാണിൽ ഷിൻഡേക്ക് എം.എൻ.എസ് പിന്തുണ
text_fieldsഏക്നാഥ് ഷിൻഡെ
മുംബൈ: കല്യാൺ-ഡോമ്പിവലി നഗരസഭയിൽ ഭരണം പിടിക്കാൻ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്ക് പിന്തുണയുമായി രാജ് താക്കറെയുടെ എം.എൻ.എസ്. തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ സഖ്യകക്ഷിയായിരുന്നു എം.എൻ.എസ്. 122 സീറ്റുകളുള്ള നഗരസഭയിൽ ഷിൻഡെ പക്ഷത്തിന് 53 ഉം ബി.ജെ.പിക്ക് 51 ഉം സീറ്റുകളാണ് ലഭിച്ചത്.
കേവല ഭൂരിപക്ഷമായ 62 തികയാൻ ഷിൻഡെക്ക് ഒമ്പത് പേരുടെ കൂടി പിന്തുണ വേണം. എം.എൻ.എസിന് അഞ്ച് കോർപറേറ്റർമാരുണ്ട്. മാത്രമല്ല, ഉദ്ധവ് പക്ഷ ശിവസേനയിൽ ജയിച്ച 11 ൽ രണ്ട് പേർ എം.എൻ.എസുകാരാണ്. ഇവരുടെ പിന്തുണയും ഷിൻഡെ പക്ഷത്തിനാണ്. ഒപ്പം ഉദ്ധവ് പക്ഷത്തെ മറ്റ് രണ്ട് പേരുടെ പിന്തുണയും ഷിൻഡെ പക്ഷത്തിനാണെന്നാണ് അവകാശവാദം.
കഴിഞ്ഞ ദിവസം പാർട്ടികളുടെ കോർപറേറ്റ് ഗ്രൂപ്പുകളെ രജിസ്റ്റർ ചെയ്യുമ്പോൾ ഉദ്ധവ് പക്ഷ കോർപറേറ്റർമാരുടെ കൂട്ടത്തിൽ ഈ രണ്ടുപേരുമില്ല. ബി.ജെ.പിക്ക് മേയർ പദവി കിട്ടാതിരിക്കാനാണ് എം.എൻ.എസ് ഷിൻഡെക്ക് പിന്തുണ നൽകുന്നതെന്നാണ് സൂചന. അതേസമയം, ബി.ജെ.പിയുമായുള്ള ചർച്ച തുടരുന്നുണ്ട്. ഇതിനിടയിൽ, കാലുമാറ്റം ഭയന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിച്ച മുംബൈ നഗരസഭയിലെ ഷിൻഡെ പക്ഷ കോർപറേറ്റമാർ വീടുകളിലേക്ക് മടങ്ങി. ഗ്രൂപ്പ് രജിസ്ട്രേഷന് ശേഷമാണ് ഇവരെ പറഞ്ഞുവിട്ടത്. മുംബൈ മേയർ ആരാകുമെന്ന ബി.ജെ.പി-ഷിൻഡെ പക്ഷ ചർച്ചയും എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

