മതേതരത്വത്തെ മോദിയും അമിത് ഷായും കശാപ്പുചെയ്യുന്നു- മുനവ്വറലി തങ്ങൾ
text_fieldsബംഗളൂരു: ഇന്ത്യൻ മതേതരത്വത്തെയും സാഹോദര്യത്തെയും നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് കശാപ്പുചെയ്യുകയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ബംഗളൂരു ടൗൺഹാളിൽ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) സംഘടിപ്പിച്ച ബംഗളൂരു മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടക തെരഞ്ഞെടുപ്പിൽപോലും വർഗീയ വിഷം വിതറാനായിരുന്നു മോദിയുടെ ശ്രമം. രാജ്യത്ത് മതേതരത്വത്തെ സംരക്ഷിക്കാൻ മതേതര കക്ഷികൾ കൈകോർക്കണം. വർഗീയശക്തികൾക്കെതിരെ മതേതര കൂട്ടായ്മകൾ നേടിയ വിജയമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം. രാജ്യത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൗ കൂട്ടായ്മ അനിവാര്യമാണ്. കർണാടക തെരഞ്ഞെടുപ്പു ഫലം രാജ്യത്ത് പുതിയ വഴിത്തിരിവുണ്ടാക്കുമെന്നും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അതിെൻറ പ്രതിഫലനം കാണാനാവുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
നിയമസഭയിലേക്ക് ശാന്തിനഗർ മണ്ഡലത്തിൽനിന്ന് ഹാട്രിക് വിജയം നേടിയ എൻ.എ. ഹാരിസ് എം.എൽ.എക്ക് ചടങ്ങിൽ പൗരസ്വീകരണം നൽകി. ശാന്തിനഗർ മണ്ഡലത്തിൽ ഹാരിസിനെ പരാജയപ്പെടുത്താൻ എതിരാളികൾ കിണഞ്ഞുപരിശ്രമിച്ചിട്ടും നടക്കാതെ പോയത് അദ്ദേഹത്തിെൻറ വ്യക്തിപ്രഭാവം കൊണ്ടും പാവപ്പെട്ടവർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച അംഗീകാരംകൊണ്ടുമാണെന്ന് മുൻ എം.പിയും കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷെൻറ പ്രവർത്തനങ്ങളെ അടുത്തറിയാൻ കഴിയുന്നുണ്ടെന്നും മലയാളികൾ എവിടെയായാലും ഒരുമയോടെ പാവങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങുമെന്നും മന്ത്രി സമീർ അഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ഇത് മറ്റുള്ളവർക്കുകൂടി മാതൃകയാണെന്നും മലയാളികൾക്കുവേണ്ടി എൻ.എ. ഹാരിസിനൊപ്പം താനും രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
