മുംബൈയിലെ പിടികിട്ടാപ്പുള്ളി ഒടുവിൽ സി.സി.ടി.വിയിൽ കുടുങ്ങി
text_fieldsമുംബൈ: പിടികിട്ടാപുള്ളിയായ മോഷ്ടാവിനെ മുംബൈ പൊലീസ് പിടികൂടി. വീടുകൾ കുത്തി തുറന്ന് മോഷണം നടത്തുന്ന റയീസ് ഷെയ്ഖ് (34)നെയാണ് പൊലീസ് പിടികൂടിയത്. സെക്കന്റുകൾകൊണ്ട് വീടുകൾ കുത്തി തുറക്കുമെന്നതാണ് ഇയാളുടെ പ്രത്യേകത. കൃത്യം ഒരുമണിക്കൂറിനുള്ളിൽ കവർച്ച നടത്തി മടങ്ങുകയും ചെയ്യും.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം നിരീക്ഷിച്ച ശേഷം രാത്രിയിലാണ് ഇയാൾ മോഷണത്തിനെത്തുന്നതെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്യസ്ഥാനം ഉറപ്പിച്ച ശേഷം രാത്രി മൂന്നിനും നാലിനും ഇടയിലാണ് ഇയാൾ മോഷണത്തിനായി എത്തുന്നത്.
അഭ്യുദയ നഗറിലെ പത്തോളം ഫ്ലാറ്റുകൾ പ്രതി കുത്തിത്തുറന്നു. 10,000 രൂപയോളം കവർന്നതായും അധികൃതർ അറിയിച്ചു. മോഷണം നടന്ന ഫ്ളാറ്റുകളിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്.
പകൽ ജോലിക്ക് പോകുമ്പോൾ മാന്യമായ വസ്ത്രം ധരിച്ച് ജാക്കറ്റ് അണിഞ്ഞാണ് പോകുന്നത്. കാണുന്നവർക്ക് യാതൊരു സംശയവും തോന്നാത്ത തരത്തിലായിരുന്നു ഇയാളുടെ പെരുമാറ്റവും. 2018ൽ നടത്തിയ മോഷണ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സമാന തരത്തിലാണ് പ്രതി പിന്നെയും മോഷണം നടത്തിയത്.