Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ട്രെയിൻ സ്ഫോടന...

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര; ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
Mumbai train blast
cancel

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വിസ് ഇന്നലെ അറിയിച്ചിരുന്നു. മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയിലെ പ്രതികളായ 12 പേരെയാണ് 18 വർഷങ്ങൾക്ക് ശേഷം ഹൈകോടതി വെറുതെ വിട്ടത്.

2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിചാരണകോടതി ശിക്ഷ‍ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന കാരണത്താൽ ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബെഞ്ച് വിചാരണകോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്ന് കോടതി ഉത്തരവിട്ടു.

സംഭവത്തിൽ ട്രെയിൻ സ്ഫോടന പരമ്പര അന്വേഷിച്ച ആന്റി ടെററിസം സ്ക്വാഡിനെതിരെ നടപടിയെടു​ക്കാൻ മഹാരാഷ്ട്ര സർക്കാറിനെ വെല്ലുവിളിച്ച് എ.​ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികളാക്കി ജയിലിലടച്ച 12 പേരെ വിട്ടയക്കാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രസ്താവന.

'ഒരു കുറ്റവും ചെയ്യാത്ത 12 മുസ്‍ലിംകളെ 18 വർഷം ജയിലിലടച്ചു. അവരുടെ വിലപ്പെട്ട വർഷങ്ങൾ അതിനകത്ത് കടന്നുപോയി. കുടുംബങ്ങൾക്ക് അത്രയും കാലം അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അവർക്കെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല. കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസിലെ ഓഫിസർമാർക്കെതിരെ മഹാരാഷ്ട്ര സർക്കാർ നടപടിയെടുക്കുമോ'- എന്ന് ഹൈദരാബാദ് എം.പി ‘എക്സി’ൽ പോസ്റ്റ് ചെയ്തു.

ജയിലിൽ അടച്ച യുവാക്കൾ ഉന്നയിച്ച പീഡന പരാതികൾ പരിഗണിക്കാത്തതിന്റെ ഉത്തരവാദിത്തം 2006ൽ മഹാരാഷ്ട്രയിൽ അധികാരത്തിൽ ഉണ്ടായിരുന്ന സർക്കാർ ആണെന്നും ഉവൈസി ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് 17 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഇവരിലാരും പുറംലോകം കണ്ടിട്ടില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.

2006ൽ ജൂലൈ 11ന് വിവിധ മുംബൈ ലോക്കൽ ട്രെയിനുകളിൽ 11 മിനിട്ടുകൾക്കുള്ളിൽ 7 ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതം കൂട്ടുന്നതിനുവേണ്ടി പ്രഷർ കുക്കർ ബോംബുകളാണ് ഉപയോഗിച്ചത്. ആദ്യത്തെ സ്ഫോടനം വൈകുന്നേരം 6.24നായിരുന്നു. അവസാനത്തെ സ്ഫോടനം 6.35നായിരുന്നു.

ആളുകൾ ജോലി കഴിഞ്ഞ് തിരികെ പോകുന്ന തിരക്കുള്ള സമയത്താണ് സ്ഫോടനം ഉണ്ടായത്. ചർച്ച് ഗേറ്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ ഫസ്റ്റ് ക്ലാസ് കംപാർട്മെന്‍റിലാണ് ബോംബ് വെച്ചത്. മാട്ടുംഗ റോഡ്, മഹീം ജങ്ഷൻ, ബാന്ദ്ര, ഖർ രോഡ്, ജോഗേശ്വരി, ഭയന്തർ, ബോറിവാലി സ്റ്റേഷനുകളിലായാണ് പൊട്ടിത്തെറി ഉണ്ടായത്.

2015ൽ വിചാരണക്കോടതി 12 പേർ കുറ്റം ചെയ്തതായി കണ്ടെത്തി. തുടർന്ന് മഹാരാഷ്ട്ര കോടതി ഫൈസൽ ഷേഖ്, ആസിഫ് ഖാൻ, കമൽ അൻസാരി, എഹ്തേഷാം സിദ്ദിഖി, നവീദ് ഖാൻ എന്നിവർക്ക് വധ ശിക്ഷ വിധിച്ചു. മുഹമ്മദ് സജിദ് അൻസാരി, മുഹമ്മദ് അലി, ഡോക്ടർ തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമാർ ഷെയ്ഖ് എന്നിവർക്ക് ജീവ പര്യന്തം ശിക്ഷയും വിധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra governmentIndia Newsmumbai train blastSupreme Court
News Summary - Mumbai train blasts ; Maharashtra government moves Supreme Court against Bombay High Court verdict
Next Story