മുംബൈ: ഹോൺ വിരുദ്ധ ദിനമായ ഇന്ന്, വൈകുന്നേരം അഞ്ചുമുതൽ ഏഴുമണി വരെ മുംബൈയിലെ പ്രധാന നിരത്തുകളിൽ ഹോൺ അടിക്കരുതെന്ന നിർദേശവുമായി മുംബൈ ട്രാഫിക് പൊലീസ്. ശബ്ദമലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഉദ്യമം.
'നഗരം ആരുടേതായാലും- എന്‍റേതോ നിങ്ങളുടേതോ, ഹോണടി സുഖകരമല്ല' എന്ന് 'സേ നൊ ടു നോയ്സ് പൊലൂഷൻ' എന്ന ഹാഷ്ടാഗോടെ ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു. നഗരത്തിൽ പൊലീസിനെ വിന്യസിക്കും. നിയമം തെറ്റിക്കുന്ന വാഹനയുടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
ശബ്ദമലിനീകരണത്തിനെതിരെ സുപ്രീം കോടതിയുടെ നിർദേശപ്രകാരം വാഹനനിർമാതാക്കളോട് ഹോൺ ശബ്ദം കുറക്കുവാൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 92 മുതൽ 112 ഡെസിബൽ വരെയാണ് ഹോൺ ശബ്ദം. ഇത് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന അളവാണ്.
കെട്ടിട നിർമാണ മേഖലയും ശബ്ദമലിനീകരണത്തിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇവിടെയും മാറ്റം കൊണ്ടുവരണമെന്ന് അധികൃതർ പറയുന്നു.