മുംബൈക്ക് വനിത മേയർ; തീരുമാനം നറുക്കെടുപ്പിൽ
text_fieldsമുംബൈ: മുംബൈ മേയർ പദവിയിൽ വനിത (പൊതു വിഭാഗം) സംവരണം. മഹാരാഷ്ട്ര നഗര വികസന വകുപ്പ് വ്യാഴാഴ്ച നടത്തിയ നറുക്കെടുപ്പിലാണ് തീരുമാനം. നറുക്കെടുപ്പ് ആസൂത്രിതമാണെന്ന് ഉദ്ധവ് പക്ഷ ശിവസേനയും കോൺഗ്രസും ആരോപിച്ചു. കഴിഞ്ഞ രണ്ടു തവണയും പൊതുവിഭാഗത്തിനായിരുന്നുവെന്നും ഇത്തവണ ഒ.ബി.സിക്കോ പട്ടിക വർഗത്തിനോ (എസ്.ടി) ആണ് സംവരണം ചെയ്യേണ്ടതെന്നും ഇരുവരും പറഞ്ഞു.
മുൻ മേയറും ഉദ്ധവ് പക്ഷ കോർപറേറ്റർമാരുടെ ഗ്രൂപ് നേതാവുമായ കിശോർ പെട്നേക്കർ നറുക്കെടുപ്പ് ബഹിഷ്കരിച്ചു. ഇതോടെ ഉദ്ധവ് പക്ഷ ശിവസേനക്ക് നേരിയ അവസരമുള്ളതും നഷ്ടമായി. എസ്.ടി വിഭാഗത്തിൽ കോർപറേറ്റർമാർ ഉദ്ധവ് പക്ഷത്താണുള്ളത്. 29 നഗരസഭകളിൽ മുംബൈ അടക്കം ഒമ്പതിടങ്ങളിൽ മേയർ സംവരണ നറുക്കെടുപ്പിൽ പൊതുവിഭാഗത്തിനാണ്.
അതിൽ നാലിൽ വനിതകൾക്കാണ്. ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന ഭൂരിപക്ഷം നേടിയ താനെയിൽ മേയർ പദവി പട്ടിക ജാതിയിൽപ്പെട്ടവർക്കാണ്. ഷിൻഡെയും ബി.ജെ.പിയും തർക്കത്തിലുള്ള കല്യാൺ-ഡൊമ്പിവല്ലി പട്ടിക വർഗത്തിനാണ്. എട്ടിടങ്ങളിൽ ഒ.ബി.സിക്കാർക്കാണ്. അതിൽ നാലിടത്ത് വനിത സംവരണമാണ്. ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്.
അതേസമയം, മേയർ പദവിയെ ചൊല്ലി ബി.ജെ.പി-ഷിൻഡെ പക്ഷം തമ്മിലുള്ള തർക്കത്തിൽ അയവില്ല. ശനിയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചെത്തുന്നതോടെ അന്തിമ തീരുമാനമുണ്ടായേക്കും. അതിനിടെ, അകോലയിൽ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് മേയർ പദവി കിട്ടാതിരിക്കാൻ കോൺഗ്രസ്, അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി, ഇരുവിഭാഗം എൻ.സി.പി, ഉദ്ധവ് പക്ഷ ശിവസേന എന്നിവർ ചർച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

