മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ കസ്റ്റഡി വീണ്ടും നീട്ടി
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ ഒമ്പത് വരെ കസ്റ്റഡി നീട്ടിയതായിയാണ് ഡൽഹി കോടതി ഉത്തരവ്. നേരത്തെ അനുവദിച്ചിരുന്ന ജൂൺ ആറ് വരെയുള്ള ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് വിഡിയോ കോൺഫറൻസിലൂടെ റാണയെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പ്രത്യേക ജഡ്ജി ചന്ദർ ജിത് സിങ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, റാണയുടെ അഭിഭാഷകൻ അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, ജൂൺ ഒമ്പതിനകം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണത്തിന് 17 വർഷത്തിനുശേഷമാണ് പാക്-കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്ടറുമായ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത്. ഡൽഹി കോടതി എൻ.ഐ.എക്ക് 18 ദിവസത്തെ കസ്റ്റഡിയായിരുന്നു അനുവദിച്ചിരുന്നത്. പിന്നീട് അത് 10 ദിവസം കൂടി നീട്ടി.
166 പേർ കൊല്ലപ്പെടുകയും 230ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് എൻ.ഐ.എ ലക്ഷ്യമിടുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് റാണക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റാണയെ ചോദ്യം ചെയ്തത്. മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇയാള്‍ യാത്ര നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
2009 ഒക്‌ടോബറിൽ ഷിക്കാഗോയിലാണ് റാണ പിടിയിലായത്. ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു തഹാവൂര്‍ റാണ. 2011ൽ റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 2018 ആഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023 ൽ റാണെയെ ഇന്ത്യക്ക് കൈമാറാമെന്ന് കലിഫോർണിയ കോടതി ഉത്തരവിട്ടെങ്കിലും റാണ മേൽക്കോടതികളെ സമീപിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

