മഴയുടെ ഇരമ്പൽ പോലെ ജീവനുവേണ്ടി ആർത്തനാദം...
text_fieldsമുംബൈ: കൊടും മഴയുടെ ആലസ്യത്തിൽ വീട്ടിൽ മൂടിപ്പുതച്ചിരിക്കുകയായിരുന്നു മനീഷ് മിശ്ര. രാവിലെ പത്തിന് വീടിനടുത്ത എൽഫിൻസ്റ്റൺ റോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് മഴയുടെ ഇരമ്പൽ പോലെ ആർത്തനാദമെത്തി... പുറത്തിറങ്ങി നോക്കിയപ്പോൾ 6-8 അടി ഉയരത്തിലുള്ള ഒാവർബ്രിഡ്ജിൽ ജനം ഇരമ്പിയാർക്കുന്നു. ഇറങ്ങാനുള്ള തിരക്കിൽ ചിലർ പടികളിൽ വീണുകിടക്കുന്നു. അവരെ ചവിട്ടി മറ്റുള്ളവർ താഴേക്കുകുതിക്കുന്നു. അഴികൾക്കിടയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി കരയുന്നവർ നിരവധി. പ്ലാറ്റ്ഫോമിൽ നിന്നിരുന്നവരും മറ്റും ഒാവർബ്രിഡ്ജിലേക്ക് എത്താൻതുടങ്ങിയതോടെ ദുരന്തത്തിെൻറ വ്യാപ്തി ഏറി. മനീഷ് മിശ്രയും മറ്റുള്ളവരും തണുത്തവെള്ളം കൊണ്ടുവന്ന് ബോധമറ്റുകിടക്കുന്നവരുടെ മുഖത്തുതളിച്ചു. പൊലീസ് ഇവരെയെല്ലാം ആശുപത്രിയിലേക്കുമാറ്റി. ദശാബ്ദങ്ങൾ പഴക്കമുള്ള ഒാവർബ്രിഡ്ജ് ലക്ഷക്കണക്കിന് പേരാണ് ഉപയോഗിക്കുന്നത്. മത്സ്യ, പുഷ്പ മാർക്കറ്റുകൾ സമീപത്തായതിനാൽ തിരക്ക് ക്രമാതീതമാകുന്നു. തിരക്ക് കുറക്കുന്നതടക്കമുള്ള നടപടികൾക്ക് ആറുമാസം മുമ്പ് നാട്ടുകാർ റെയിൽവേക്ക് കത്തുനൽകിയിരുെന്നങ്കിലും ഫലമുണ്ടായില്ല.
സഹോദരനെ രക്ഷിക്കാനായില്ല; ആകാശ് വിതുമ്പുന്നു
മുംബൈ: ദസറ ആഘോഷത്തിന് വസ്ത്രങ്ങളും മറ്റും വാങ്ങാൻ നാലാം ക്ലാസുകാരനായ അനുജനൊപ്പം പരേൽ മാർക്കറ്റിലേക്ക് പുറപ്പെട്ടത് കാത്തിരുന്ന ദുരന്തത്തിലേക്കായിരുന്നുവെന്ന് ആകാശ് പരബിന് അറിയുമായിരുന്നില്ല. രാവിലെ പത്തോടെ അനുജൻ രോഹിതിനൊപ്പം എൽഫിൻസ്റ്റൻ സ്േറ്റഷനിൽ വന്നിറങ്ങിയ ആകാശ് പരേലിലേക്ക് കടക്കാൻ മേൽപാലത്തിലെത്തി. നല്ല മഴയായിരുന്നു അപ്പോൾ. അതുവരെ മഴ തോരാൻ കാത്തുനിന്നവർക്കിടയിലേക്ക് ട്രെയിൻ വന്നുപോകുന്നതിന് അനുസരിച്ച് ആളുകൾ വന്നുചേർന്നു. മഴ തോർന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് തിക്കുംതിരക്കുമായത്. പാലം തകരുകയാണെന്നാണ് കരുതിയത്. ചിലർ പാലത്തിൽനിന്ന് ചാടി. ആരൊക്കെയോ ദേഹത്തു വന്നുവീണു. അനുജൻ രോഹിത് ആളുകൾക്കടിയിൽ പെട്ടുപോയി. പരിക്കുകളോടെ താൻ രക്ഷപ്പെട്ടെങ്കിലും രോഹിതിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ലെന്ന്പറയുമ്പോൾ ആകാശിെൻറ തൊണ്ടയിടറി. നെഞ്ചിലോ തലക്കോ ഏറ്റ പരിക്കും ശ്വാസംമുട്ടിയുമാണ് മരണമെന്ന് കെ.ഇ.എം ഹോസ്പിറ്റലിലെ ഡോ. പ്രവീൺ ബംഗാർ പറഞ്ഞു.

നഗരത്തെ കാത്തിരുന്ന ദുരന്തം; പ്രതിസ്ഥാനത്ത് റെയിൽവേ മന്ത്രാലയം
തിരക്കേറിയ എൽഫിൻസ്റ്റൻ റോഡ്, പരേൽ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലത്തിൽ തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിൽ റെയിൽവേ മന്ത്രാലയം. ദുരന്തം മുന്നിൽക്കണ്ട് നഗരത്തിൽനിന്നുള്ള രണ്ട് എം.പിമാർ നേരിട്ടും സമൂഹമാധ്യമങ്ങൾ വഴി യാത്രക്കാരും റെയിൽവേ മന്ത്രാലയത്തിെൻറ അടിയന്തര ഇടപെടൽ മുമ്പ് ആവശ്യപ്പെട്ടതാണ്. അന്ന് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ റെയിൽവേ വിഷയം പരിഗണിക്കാതെ മാറ്റിവെക്കുകയാണ് ചെയ്തത്. ശിവസേന എം.പി അരവിന്ദ് സാവന്തും റെയിൽവേ മന്ത്രാലയും തമ്മിൽ 2015ൽ നടത്തിയ രേഖാമൂലമുള്ള ആശയവിനിമയം ഇതിന് തെളിവാണ്.
2015 ഏപ്രിലിലാണ് അരവിന്ദ് സാവന്ത് എൽഫിൻസ്റ്റൻ റോഡ് മേൽപാലത്തിെൻറ അപകടാവസ്ഥ ചൂണ്ടികാട്ടി അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതിയത്. രാവിലെയും വൈകീട്ടും വന്നിറങ്ങുന്ന ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ മേൽപാലത്തിന് കഴിയില്ലെന്നും അതിനാൽ, 12 മീറ്റർ വീതിയിലുള്ള മറ്റൊരു പാലം ഉടൻ പണിയണമെന്നുമാണ് സാവന്ത് ആവശ്യപ്പെട്ടത്. അടിയന്തര ശ്രദ്ധനൽകാൻ പണമില്ലെന്ന് സൂചിപ്പിച്ച് 2016 ഫെബ്രുവരിയിലാണ് സുരേഷ് പ്രഭു മറുപടി നൽകിയത്. യഥാർഥ ആവശ്യങ്ങളുമായി നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും കഴിയുന്നത്ര അപേക്ഷകൾ പരിഹരിക്കാൻ പ്രയത്നിക്കുന്നുണ്ടെന്നും എന്നാൽ, പണത്തിെൻറ കുറവോ പ്രവർത്തന നിയന്ത്രണമോ മറ്റ് നിർബന്ധിത സാഹചര്യങ്ങളോ കാരണം അപേക്ഷകൾ സ്വീകരിക്കാൻ കഴിയാറില്ലെന്നും എഴുതിയ പ്രഭു സ്ഥിതി ഇതാണെങ്കിലും താങ്കളുടെ അപേക്ഷ പരിഗണിക്കാൻ ശ്രമിക്കാമെന്നാണ് അരവിന്ദ് സാവന്തിന് നൽകിയ മറുപടി.
സർക്കാർ നടത്തിയ കൂട്ടക്കൊലയെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അപകടത്തെ വിശേഷിപ്പിച്ചത്. ബുള്ളറ്റ് ട്രെയിനിനായിരുന്നില്ല; സാധാരണക്കാരെൻറ യാത്രസുരക്ഷക്കാണ് കേന്ദ്രം പ്രാമുഖ്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ടുള്ള പ്രധാന ദുരന്തങ്ങൾ
2005 ജനുവരി 25: മഹാരാഷ്ട്രയിലെ സത്താരയിൽ മാന്ദർദേവി ക്ഷേത്രോത്സവം: 350 മരണം
2006 ആഗസ്റ്റ് 3: ഹിമാചൽപ്രദേശ് നൈനാദേവി ക്ഷേത്രം: 150 മരണം
2008 സെപ്റ്റംബർ 30: രാജസ്ഥാനിലെ ജോധ്പൂർ ചാമുണ്ടദേവി ക്ഷേത്ര നവരാത്രി ഉത്സവം: 120 മരണം
2010 മാർച്ച് 4: ഉത്തരപ്രദേശിലെ പ്രതാപ്ഗഢിൽ റാം ജാനകി ക്ഷേത്രം സൗജന്യ ഭക്ഷണ-വസ്ത്ര വിതരണം 63 മരണം
2011 ജനുവരി 14: ശബരിമല: 106 മരണം
2011 നവംബർ 8: ഉത്തർപ്രദേശിലെ ഹരിദ്വാർ: 22 മരണം
2012 നവംബർ19: പട്നയിലെ ചാത്ത് ഉത്സവം: 20 മരണം
2013 ഫെബ്രുവരി 10: ഉത്തരപ്രദേശിലെ അലഹബാദ് റെയിൽവേ സ്റ്റേഷൻ കുംഭമേള 37 മരണം
2013 ഒക്ടോബർ13: മധ്യപ്രദേശിലെ രത്നഗഢ് ദാത്തിയയിൽ പാലം തകർന്നെന്ന അഭ്യൂഹത്തിൽ നദിയിലേക്ക് എടുത്തുചാടി 121 മരണം
2014 ജനുവരി 18: മുംബൈ മലബാർ ഹിൽ സയ്ദ്നാ മുഹമ്മദ് ബുർഹാനുദ്ദീൻ അനുശോചനം: 18 മരണം
2014 ഒക്ടോബർ 3: പട്ന ഗാന്ധി മൈതാനം ദസറ ഉത്സവം: 33 മരണം
2015 ജൂൈല14: ആന്ധ്രപ്രദേശ് കിഴക്കൻ ഗോദാവരി മഹാപുഷ്കരം നദീതീരം: 27 മരണം
2016 ഒക്ടോബർ 9: ലഖ്നോവിലെ കാൻഷിറാം സ്മാരക ബി.എസ്.പി റാലി: 21 മരണം
2016 ഒക്ടോബർ15: വരാണസി രാജാ ഗുരുദേവിൽ ശോഭായാത്രക്കിടെ 25 മരണം
2017 സെപ്റ്റംബർ 29: മുംബൈ എൽഫിൻസ്റ്റോൺ റെയിൽവേ സ്റ്റേഷൻ: 22 മരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
