സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് മുംബൈ പൊലീസ്
text_fieldsമുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ് മുംബൈ കോടതിയെ അറിയിച്ചു. പ്രതി ചെയ്ത കുറ്റകൃത്യം വളരെ ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണങ്ങളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഒരു ഭാഗവും പ്രതിയായ ഷരീഫുൾ ഇസ്ലാമിൽ നിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പൊലീസ് സെഷൻസ് കോടതിയിൽ ആവർത്തിച്ചു. ഈ മൂന്ന് കഷണങ്ങളും താരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ കത്തിയുടെ ഭാഗമാണെന്ന് കോടതിയിൽ സമർപ്പിച്ച പ്രതിയുടെ ഹരജിയിൽ പൊലീസ് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
പ്രതി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരനാണെന്ന് പൊലീസ് മറുപടിയിൽ എടുത്തുപറഞ്ഞു. ജാമ്യം അനുവദിച്ചാൽ, അയാൾ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനും വിചാരണ സമയത്ത് കോടതിയിൽ ഹാജരാകാതിരിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.
ജനുവരി 16ന് ബാന്ദ്രയിലെ 12ാം നിലയിലെ അപ്പാർട്ട്മെന്റിൽ കവർച്ച ശ്രമത്തിനിടെ പ്രതി സെയിഫ് അലി ഖാനെ കത്തികൊണ്ട് ആവർത്തിച്ച് കുത്തുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തെ അഞ്ച് ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം താനെയിൽ നിന്ന് പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ (30) പൊലീസ് പിടികൂടി.
അഭിഭാഷകനായ വിപുല്‍ ദുഷിങ് മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍, താന്‍ നിരപരാധിയാണെന്നും മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മുഹമ്മദ് ഷരീഫുൾ ഇസ്ലാം വാദിച്ചു. ഇപ്പോഴത്തെ എഫ്.ഐ.ആർ പരാതിക്കാരന്റെ സാങ്കൽപ്പിക കഥ മാത്രമാണെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

