25 ദിവസം ഐ.സി.യുവിൽ, അഞ്ചാഴ്ച നീണ്ട ആശുപത്രിവാസം; കോവിഡിനെ തോൽപ്പിച്ച് ഒമ്പതുവയസ്സുകാരൻ
text_fieldsഅർചിതിൻറെ ഒമ്പതാം ജന്മദിനം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചപ്പോൾ
മുംബൈ: കോവിഡ് രോഗവുമായി പോരടിച്ച് ഒമ്പതുവയസ്സുകാരൻ അർചിത് ജയിൻ മുംബൈ ഹാജി അലിയിലെ ആശുപത്രിയിൽ കഴിഞ്ഞത് അഞ്ചാഴ്ചയിൽ ഏറെയാണ്. ഇതിൽ 25 ദിവസവും തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. രോഗമുക്തനായ അർചിതിനെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും കഴിഞ്ഞ ദിവസം നിറകണ്ണുകളോടെയാണ് വീട്ടിലേക്ക് യാത്രയാക്കിയത്. കൂടുതൽ കാലം ആശുപത്രിയിൽ കഴിഞ്ഞ് കോവിഡിനെ പരാജയപ്പെടുത്തിയ പ്രായം കുറഞ്ഞവരുടെ കൂട്ടത്തിൽ ഇടം നേടിയിരിക്കുകയാണ് അർചിത്.
കോവിഡിന്റെ വരാനിരിക്കുന്ന മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പിനിടെ ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷ നൽകുകയാണ് അർചിതിന്റെ അതിജീവനം.
അതി ഗുരുതരാവസ്ഥയിലാണ് അർചിതിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ ജോഷി പറയുന്നു. വെൻറിലേറ്ററിൽ 80 ശതമാനത്തോളം ഓക്സിജൻ ആവശ്യമായിരുന്നു അർചിതിന്. ശ്വാസകോശം അപകടാവസ്ഥയിൽ ആയിരുന്നു. രക്തസമ്മർദ്ദവും ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. റെംദേസിവറും സ്റ്റിറോയിഡുകളും നൽകിയാണ് ചികിത്സ ആരംഭിച്ചത്.
25 ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞതിനുശേഷമാണ് കുട്ടിയെ വാർഡിലേക്ക് മാറ്റാൻ സാധിച്ചത്. മേയ് 18ന് അർചിതിന്റെ ഒമ്പതാം ജന്മദിനം ആശുപത്രി വാർഡിൽ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ആഘോഷിച്ചു. അർചിതിന്റെ മനസ്സാന്നിധ്യം രോഗമുക്തി നേടുന്നതിൽ നിർണായകമായെന്ന് ഡോക്ടർ ജോഷി പറയുന്നു.
രാജ്യത്ത് ഒമ്പത് വയസ്സുവരെയുള്ള 11,144 കുട്ടികൾക്കാണ് കോവിഡ് ബാധിച്ചതെന്ന് കണക്കുകൾ പറയുന്നു. 17 മരണമാണ് ഇക്കൂട്ടത്തിലുണ്ടായത്. 10 വയസ്സിനും 19 വയസ്സിനും ഇടയ്ക്കുള്ള 28,869 പേർക്കും കോവിഡ് ബാധിച്ചു. ഇവരിൽ 33 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കണക്ക് പ്രകാരം രണ്ട് ശതമാനം കുട്ടികൾക്ക് മാത്രമാണ് ഐ.സി.യു ചികിത്സ ആവശ്യമായി വന്നത്. ഭൂരിഭാഗം കുട്ടികൾക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

