മുംബൈ നാവിക ഡോക്ക് യാർഡിൽ നിന്ന് രഹസ്യ ചിത്രങ്ങൾ ചോർന്നു; യുവാവ് പിടിയിൽ
text_fieldsമുംബൈ: മുംബൈ നാവിക ഡോക്ക് യാർഡിന്‍റെ സുപ്രധാന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ചോർത്തിയെന്ന ആരോപണത്തിൽ 21കാരനായ അപ്രന്റീസ് അറസ്റ്റിൽ. രാജസ്ഥാനിലെ കരൗളി സ്വദേശി ബണ്ടി രാംപ്രകാശ് മീണയെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിരോധ രഹസ്യങ്ങൾ അടങ്ങിയ ഉള്ളടക്കം മീണ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്‌ലോഡ് ചെയ്തെന്നാണ് സംശയം. സംഭവത്തിൽ പാകിസ്താൻ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്.
മുംബൈ പൊലീസിന്റെ സോഷ്യൽ മീഡിയ ഡിജിറ്റൽ ലാബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മീണയുടെ അറസ്റ്റ്. ഇൻസ്റ്റഗ്രാമിൽ പ്രതിരോധ രഹസ്യ ചിത്രങ്ങൾ പ്രചരിക്കുന്നു എന്നായിരുന്നു വിവരം. തുടർന്ന നടത്തിയ സാങ്കേതിക നിരീക്ഷണത്തിലൂടെയും ഡിജിറ്റൽ ട്രാക്കിങ്ങിലൂടെയും അക്കൗണ്ട് മീണയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ നവംബർ 20ന് ഇയാളെ പൊലീസ് അറസ്റ്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മീണക്കെതിരെ ഒഫിഷ്യൽ സീക്രട്ട്സ് ആക്ട്, ഐ.ടി ആക്ട്, ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ 23 വരെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഇയാളുടെ ഇൻസ്റ്റഗ്രാം ഈ അക്കൗണ്ടിന് പാകിസ്താൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുമായി ബന്ധമുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മീണയുടെ ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് അക്കൗണ്ടുകൾ, ചാറ്റ് ഹിസ്റ്ററി, മറ്റ് ഡിജിറ്റൽ രേഖകൾ എന്നിവ പൊലീസ് പരിശോധിക്കുകയാണ്. മറ്റാരെങ്കിലുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നോ, കൂടുതൽ പേർ ഈ രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
മീണയുടെ മൊബൈൽ ഫോൺ, സിം കാർഡുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്കായി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും ആർക്കൊക്കെ ലഭിച്ചു, വിദേശ ഹാൻഡ്‌ലർമാർക്ക് പങ്കുവെച്ചോ എന്നിവയിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
അതേസമയം, മീണ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. സുപ്രധാന ചിത്രങ്ങൾ അബദ്ധത്തിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതാകാമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

