മതം നോക്കി ഭക്ഷണം തട്ടിപ്പറിച്ചവർ കാണുക, ഈ പൊതികളിൽ സ്നേഹം മാത്രമാണുള്ളത്!
text_fieldsമുംബൈ: ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിച്ച ഹിന്ദു രക്ഷാ ദൾ (എച്ച്.ആർ.ഡി) അധ്യക്ഷൻ പിങ്കി ചൗധരിയുടെ നടപടിക്ക് സ്നേഹത്തിലൂടെ മറുപടി നൽകി ഒരു കൂട്ടം മുസ്‌ലിം യുവാക്കൾ. മുംബൈയിൽ ജാതിമത ഭേദമന്യേ പാവപ്പെട്ടവർക്ക് ഭക്ഷണപ്പൊതികളും പഴങ്ങളും കുടിവെള്ളവും വിതരണം ചെയ്താണ് ഇവർ സ്നേഹത്തിന്റെ മാതൃക തീർത്തത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന ചടങ്ങിൽ പാവപ്പെട്ട ഒരാൾക്ക് നൽകിയ ഭക്ഷണത്തട്ട് മുസ്‌ലിമാണെന്ന് ആരോപിച്ച് പിങ്കി ചൗധരി തട്ടിപ്പറിച്ചിരുന്നു. ‘മുസ്‌ലിംകൾക്ക് ഭക്ഷണം നൽകില്ല, ഹിന്ദുക്കൾക്ക് മാത്രമേ നൽകൂ’ എന്ന ഇയാളുടെ വിദ്വേഷ പരാമർശം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മുംബൈയിലെ യുവാക്കൾ ഭക്ഷണ വിതരണം സംഘടിപ്പിച്ചത്. ‘ഇത് എല്ലാവർക്കുമുള്ള ഭക്ഷണമാണ്, ഇത് മാനവികതയാണ്. ഭയമില്ലാതെ കഴിക്കൂ’എന്ന് യുവാക്കൾ പറയുന്നത് വീഡിയോയിൽ കാണാം.
നേരത്തെയും മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെയും നടപടികളുടെയും പേരിൽ പിങ്കി ചൗധരി വാർത്തകളിൽ നിറഞ്ഞിരുന്നു. ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ദേശീയപാതയിൽ ‘മുസ്‌ലിംകൾക്ക് പ്രവേശനമില്ല’ എന്ന വിദ്വേഷ സന്ദേശം എഴുതിയതിലും ഇയാൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

