മുംബൈ മോണോ റെയിൽ ബ്രേക്ക് ഡൗൺ; പെരുവഴിയിൽ കുടുങ്ങിയത് 500ലേറെ യാത്രക്കാർ
text_fieldsമുംബൈ: കനത്തമഴക്കിടെ മുബൈയിൽ മോണോ റെയിൽ പെരുവഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറോളം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടുങ്ങിയ ട്രെയിനിൽ നിന്നും രാത്രി 9.50ഓടെ മാത്രമാണ് യാത്രക്കാരെ മുഴുവൻ പുറത്തെത്തിക്കാനായത്. കനത്ത മഴക്കിടെ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് ട്രെയിൻ മേൽപലത്തിൽ കുടുങ്ങിയത്. ഓവർലോഡും കാരണം ബ്രേക്ക് ഡൗൺ ആയതും തിരിച്ചടിയായി.
മൈസൂർ കോളനിക്ക് സമീപത്തായിരുന്നു സംഭവം. ട്രെയിനിൽ കുടുങ്ങിയ 582 യാത്രക്കാരെ മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാ പ്രവർത്തനത്തിനു ശേഷമാണ് പുറത്തെത്തിച്ചത്. കൂറ്റൻ ക്രെയിനുകളും ലാഡറും എത്തിച്ചായിരുന്നു യാത്രക്കാരെ ട്രെയിനിൽ നിന്നു സുരക്ഷിതമായി താഴെയെത്തിച്ചത്. ഉയരത്തിലുള്ള പാലത്തിൽ നിശ്ചലമായ നാല് കോച്ച് ട്രെയിൻ മറ്റൊരു ട്രെയിൻ ഉപയോഗിച്ച് കെട്ടിവലിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, ബ്രേക്ക് ജാമായതോടെ ഈ ദൗത്യം ഒഴിവാക്കി, യാത്രക്കാരെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
ട്രെയിൻ ഓവർ ലോഡായിരുന്നുവെന്ന് മുംബൈ റീജ്യനൽ ഡവലപ്മെന്റ് ജോയിന്റ് കമീഷണൻ അസ്തിക് പാണ്ഡേ പറഞ്ഞു. കനത്തമഴ കാരണം 30 മിനിറ്റോളം വൈകിയെത്തിയതോടെ താങ്ങാനാവുന്നതിലും കൂടുതൽ യാത്രക്കാർ ഇടിച്ചു കയറുകയായിരുന്നു. ഇത് സാങ്കേതിക തകരാറിനും ബ്രേക് ഡൗൺ ആകാനും കാരണമായി.
കനത്ത മഴയെ തുടർന്ന് നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി മുംബൈയിലെ ട്രെയിൻ ഗതാഗതം താറുമാറായതിനെ തുടർന്നാണ് കൂടുതൽ പേരും യാത്രക്കായി മോണോ റെയിലിനെ ആശ്രയിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

