വിദ്യാർഥികളെ കൊണ്ടുപോയ വാനിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് പൊലീസിനെ മുട്ടുകുത്തിച്ച യുവതി; ആരാണ് റിയ ആഹിർ
text_fieldsമുംബൈ: ഡൽഹിയിൽ സി.ജെ.പി സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യമാകെ പടരുന്ന പ്രതിഷേധ ജ്വാലയുടെ പ്രതീകമായി മുംബൈ മോഡൽ റിയ ആഹിർ. മുംബൈയിലെ ശിവജി പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമരക്കാരായ വിദ്യാർഥികളെയും കൊണ്ടുപോകുന്ന പൊലീസ് വാൻ റിയ തടയുന്ന ദൃശ്യം സമരത്തിന്റെ പ്രതീകമായി മാറി. ദാദറിലെ കോഹിനൂർ സ്ക്വയറിൽ നിന്ന് ശിവാജി പാർക്കിനുനേരെ നടക്കുകയായിരുന്നു 27കാരിയായ റിയ. അപ്പോഴാണ് ശിവജി പാർക്കിൽ നിന്നുള്ള സമരക്കാരെ കുത്തിനിറച്ച പൊലീസ് വാൻ ശ്രദ്ധയിൽപ്പെട്ടത്. അതിൽ നിന്നും പുറത്തുവരുന്ന മുദ്രാവാക്യം കേട്ടതും വാനിന്മുന്നിലേക്ക് ഓടിവരുകയായിരുന്നു.
മഴയെ വകവെക്കാതെ കൈകൾ വിടർത്തി വാൻ തടഞ്ഞ് മുദ്രാവാക്യം വിളിതുടങ്ങി. ആക്സിലറേറ്റർ ശബ്ദം കൂട്ടിയും അൽപം മുന്നോട്ടെടുത്തും പേടിപ്പിക്കാൻ നോക്കിയെങ്കിലും റിയ കുലുങ്ങിയില്ല. അൽപദൂരം ചെന്ന് കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുമെന്ന പൊലീസിന്റെ ഉറപ്പും സ്വീകരിച്ചില്ല. ഒടുവിൽ കസ്റ്റഡിയിലുള്ളവരെ പൊലീസിന് വിട്ടയക്കേണ്ടിവന്നു. മഴയത്ത് ഗ്രേ ഹൂഡിയുമിട്ട് റിയ പൊലീസ് വാൻ തടയുന്ന ദൃശ്യം ഞൊടിയിടകൊണ്ട് വൈറലായി.
മോഡലും നടിയും സംരംഭകയുമാണ് 27കാരിയായ റിയ. 'ഞാൻ വിദ്യാർഥിയോ കർഷകയോ കർഷകന്റെ മകളോ അല്ല. ദലിതോ ഒ.ബി.സി സമുദായക്കാരിയുമല്ല. ഡൽഹിയിൽ വിദ്യാർഥികളോട് അവർ ചെയ്തത് തെറ്റാണ്. അവരതിന് സമാധാനം പറഞ്ഞേ മതിയാകൂ'-റിയ പറഞ്ഞു. പൊലീസ് അവരുടെ ജോലിയാണ് നിർവഹിക്കുന്നത്. എന്നാൽ, അവരത് ഉത്തരവാദിത്തതോടെ ചെയ്യുന്നില്ല. ആരും ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കിൽ നമ്മൾ നമ്മളോട് ഉത്തരവാദിത്തം കാണിക്കണമെന്നും റിയ കൂട്ടിച്ചേർത്തു. വാൻ തടഞ്ഞപ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നെങ്കിലും താൻ ചെയ്യുന്നത് തെറ്റല്ലെന്ന ബോധ്യം കരുത്തായി. തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് പൊലീസ് മറിച്ചൊന്നും പറയാതിരുന്നതെന്നും റിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

