മുംബൈയിൽ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായി; പിന്നിൽ മനുഷ്യക്കടത്തെന്ന് സംശയം
text_fieldsമുംബൈ: കുട്ടികളെ കാണാതാകുന്ന കേസുകളിൽ ആശങ്കജനകമായ വർധനവെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെയാണ് കാണാതായത്. പൊലീസ് റിപ്പോർട്ട് പ്രകാരം, ജൂൺ മുതൽ ഡിസംബർ വരെ കാലയളവിൽ 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ മുംബൈയിൽനിന്ന് കാണാതായിട്ടുണ്ട്.
നവംബർ 1 മുതൽ ഡിസംബർ 6 വരെയുള്ള 36 ദിവസത്തിനിടെ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 82 കേസുകളാണ്. ഇതിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളാണ്. 18 വയസ്സിന് താഴെയുള്ള 41 പെൺകുട്ടികളെയും 13 ആൺകുട്ടികളെയുമാണ് ഈ കാലയളവിൽ കാണാതായത്.
വളരെ ചെറിയ കുട്ടികളെ കാണാതായ കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെൺകുട്ടികളും ആൺകുട്ടികളും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോല, പവൈ, മാൽവാനി, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നഗരാതിർത്തിക്കുള്ളിൽ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകൾ:
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികളും 10 പെൺകുട്ടികളും)
ഓഗസ്റ്റ്: 19 കുട്ടികൾ (5 ആൺകുട്ടികളും 14 പെൺകുട്ടികളും)
സെപ്റ്റംബർ: 21 കുട്ടികൾ (6 ആൺകുട്ടികളും 15 പെൺകുട്ടികളും)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികളും 7 പെൺകുട്ടികളും)
നവംബർ: 24 കുട്ടികൾ (9 ആൺകുട്ടികളും 15 പെൺകുട്ടികളും)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (5 ആൺകുട്ടികളും 6 പെൺകുട്ടികളും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

