മുംബൈ മേയർ: ബി.ജെ.പി –ഷിൻഡെ തർക്കം തുടരുന്നു
text_fieldsഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും (ഫയൽ ചിത്രം)
മുംബൈ: മുംബൈ നഗരസഭയിൽ മേയർ പദവിക്കായി ബി.ജെ.പിയും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും തമ്മിലെ വടംവലി തുടരുന്നു. ഒപ്പം വിവിധ തരം അഭ്യൂഹങ്ങളും പ്രചരിക്കുന്നു. മുംബൈയിൽ 89 കോർപറേറ്റർമാരുമായി വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിക്ക് മേയർ പദവി കിട്ടണമെങ്കിൽ 29 കോർപറേറ്റർമാരുള്ള ഷിൻഡെ പക്ഷ ശിവസേനയുടെ പിന്തുണ വേണം. 114 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ടര വർഷം മേയർ സ്ഥാനമോ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയോ വേണമെന്ന നിലപാടിലാണ് ഷിൻഡെ.
എന്നാൽ, ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിൽ സംസാരിച്ചതായി അഭ്യൂഹം പ്രചരിക്കുന്നുണ്ട്. 65 കോർപറേറ്റർമാരുള്ള ഉദ്ധവ് പക്ഷം മേയർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആവശ്യമാണത്രെ ബി.ജെ.പി ഉന്നയിക്കുന്നത്. 2017ൽ ശിവസേനക്ക് മേയർ പദവി കിട്ടാൻ പാർട്ടി മാറിനിന്നതിന്റെ പ്രത്യുപകാരമായാണ് ആവശ്യമത്രെ. പിളർപ്പ് ഭയന്ന് ഷിൻഡെ പക്ഷ കോർപറേറ്റർമാരെ മൂന്ന് ദിവസമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്.
ദാവോസിൽ സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച തിരിച്ചെത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. മുംബൈക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന മറ്റ് 28 നഗരസഭകളിലും രാഷ്ട്രീയ നീക്കം സജീവമാണ്. സംസ്ഥാന, ദേശീയ തലങ്ങളിലെ ഭരണ, പ്രതിപക്ഷ സഖ്യങ്ങൾക്ക് അപ്പുറമുള്ള കൂട്ടുകെട്ടുകൾക്കാണ് വേദിയൊരുങ്ങുന്നത്. ഷിൻഡെ പക്ഷത്തിന് മേയർ പദവി കിട്ടാതിരിക്കാൻ ബി.ജെ.പി മറ്റ് പാർട്ടികളുമായും ബി.ജെ.പിക്ക് അധികാരം കിട്ടാതിരിക്കാൻ കോൺഗ്രസ്, ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി) അടക്കമുള്ളവരുമായി ഷിൻഡെയും സാധ്യതകൾ തേടുന്നു. ഷിൻഡെ പക്ഷമടക്കമുള്ളവർ നാലിടത്ത് സഖ്യസഹായം തേടിയതായി മജ്ലിസ് പാർട്ടി മുൻ എം.പി ഇംതിയാസ് ജലീൽ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

