മുംബൈ: കമല മിൽസിലെ മൂന്ന് പബുകളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് വണ്‍ എബൗ പബ്ബിലെ രണ്ട് മാനേജർമാർ അറസ്റ്റിലായി. കെവിൻ ബാബ(35), ലിസ്ബൺ ലോപ്സ്(34) എന്നിവരാണ് അറസ്റ്റിലായത്. ലോവര്‍ പരേലിെല പ്രധാന വാണിജ്യ സമുച്ചയമായ കമല മിൽസിൽ ഡിസംബർ 29നുണ്ടായ തീപിടിത്തത്തിൽ 14 പേരാണ് മരിച്ചത്.
അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തീപിടിച്ച പബുകളിലൊന്നായ വണ്‍ എബൗവിെൻറ ഉടമകൾക്ക് ഒളിക്കാൻ സൗകര്യമൊരുക്കിയവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭൊയ്വാദ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 25,000രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു.
എന്നാൽ കേസിലെ പ്രധാന പ്രതികളും കെട്ടിട ഉടമകളുമായ ഹിതേഷ് സാംഗ്വി, ജിഗാർ സാംഗ്വി, അഭിജിത്ത് മങ്കാർ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ 11 യുവതികളുള്‍പ്പെടെ 14 പേരാണ് മരിച്ചത്. പരിക്കേറ്റവർ ചികിത്സയിലാണ്. വ്യാഴാഴ്ച അർധരാത്രി 12.30ഒാടെയാണ് നാലുനില കെട്ടിടത്തിെൻറ ടെറസിനു മുകളില്‍ കെട്ടിയുണ്ടാക്കിയ അറകള്‍ക്ക് തീപിടിച്ചത്. സ്ഫോടന ശബ്ദത്തോടെ തീ അതിവേഗം പടരുകയായിരുന്നു. വണ്‍ എബൗ, മൊജൊ ബിസ്ട്രൊ അടക്കം മൂന്ന് പബുകളിലാണ് തീപടര്‍ന്നത്. വണ്‍ എബൗവില്നിന്നായിരുന്നു തുടക്കം.
വൺ എബൗ ഉടമകളും സഹോദരന്മാരുമായ ഹിതേഷ് സാങ്വി, ജിഗർ സാങ്വി എന്നിവർക്കും മറ്റൊരു ഉടമ അഭിജിത് മങ്കക്കും എതിരെ കേസെടുത്തിട്ടുണ്ട്. സാങ്വി സഹോദരന്മാർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 27 സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.