ട്രെയിനിലെ വിദ്വേഷക്കൊല: പ്രതി ചേതൻ സിങ് വിചാരണക്ക് മാനസികമായി തയാറെന്ന് റിപ്പോർട്ട്
text_fieldsമുംബൈ: മുംബൈ-ജയ്പൂർ ട്രെയിൻ വെടിവെപ്പ് കേസ് പ്രതി ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ് വിചാരണ നേരിടാൻ മാനസികമായി സന്നദ്ധനാണെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മെന്റൽ ഹെൽത്ത് റിവ്യു ബോർഡിന്റെ റിപ്പോർട്ട്. 2023 ജൂലൈയിൽ ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് വെടിവെപ്പുണ്ടായത്.
ചൊവ്വാഴ്ച മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് ഇക്കാര്യം ഇമെയിലിലൂടെ കോടതിയെ ഇക്കാര്യം അറിയിച്ചു. തുടർന്ന് കേസിൽ വിചാരണ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ സാപ്കലയോട് കോടതി നിർദേശിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പ്രതിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ ജയന്ത് പാട്ടീൽ അഭ്യർഥിച്ചു.
2023 ഡിസംബറിലാണ് ചൗധരിയുടെ മാനസികാരോഗ്യനില മോശമായത്. തുടർന്ന് നാസിക് മെന്റൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. പിന്നീട് കോടതി നിർദേശപ്രകാരം ഇയാളെ താനെ സെൻട്രൽ ജയിലിൽ നിന്ന് താനെ മെന്റൽ ആശുപത്രിയിലേക്ക് മാറ്റി.
ജയ്പൂർ-മുംബൈ സൂപർ ഫാസ്റ്റ് എക്സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന് നടന്ന സംഭവങ്ങളൊന്നും ഓർമയില്ലെന്നായിരുന്നു അഭിഭാഷകൻ വ്യക്തമാക്കിയത്. ട്രെയിനിലെ കൂട്ടക്കൊലയെ കുറിച്ചോ അറസ്റ്റിനെ കുറിച്ചോ കസ്റ്റഡിയിൽ കഴിയുന്നതിനെ കുറിച്ചോ ഒന്നും ഓർക്കാൻ ചേതൻ സിങ്ങിനാവുന്നില്ലെന്നാണ് അഭിഭാഷകന്‍റെ വാദം. കൂട്ടക്കൊല നടത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ തുടക്കം മുതൽക്കേ ശ്രമം നടന്നിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നായിരുന്നു അന്ന് റെയിൽവേ പൊലീസ് നിലപാട്.
ജൂലൈ 31നായിരുന്നു ഇയാൾ ട്രെയിനിൽ കൂട്ടക്കൊല നടത്തിയത്. യു.പി ഹാഥ്റസ് സ്വദേശിയായ ചേതൻ സിങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. മുസ്ലിം യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

