മുഖം കണ്ടാൽ പോര; ആശുപത്രി ജീവനക്കാരി ബുർഖ പൂർണമായും അഴിക്കാൻ ആവശ്യപ്പെട്ടെന്ന് പരാതി
text_fieldsഅഭിഭാഷക ജഹനാര ഷെയ്ഖ്, ബുർഖ അഴിക്കാനാവശ്യപ്പെട്ട ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരി
മുംബൈ: ആശുപത്രിയിലെത്തിയ യുവതിയോട് ബുർഖ പൂർണമായി അഴിക്കാൻ ആവശ്യപ്പെട്ടെന്ന പരാതിയിൽ മുംബൈയിലെ ആർ.എൻ കൂപ്പർ മുനിസിപ്പൽ ജനറൽ ആശുപത്രി വനിതാ സുരക്ഷാ ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ്. സ്ത്രീകൾ ബുർഖ അഴിക്കണമെന്ന തരത്തിലുള്ള യാതൊരു സുരക്ഷാ പ്രോട്ടോകോളും ആശുപത്രിയിലില്ലെന്ന് ഡീൻ വ്യക്തമാക്കി.
ആഗസ്റ്റ് 30ന് വൈകീട്ട് 4.15ഓടെയാണ് സംഭവം. നവജാത ശിശുക്കളുടെ വാർഡിലെത്തിയ അഭിഭാഷക ജഹനാര ഷെയ്ഖിനോട് വനിതാ സുരക്ഷാ ജീവനക്കാരി ബുർഖ പൂർണമായി അഴിക്കാൻ ആവശ്യപ്പെട്ടെന്നാണ് പരാതി. മുഖവും വ്യക്തിത്വവും തിരിച്ചറിയാൻ കഴിയുന്ന വിധം കാണിച്ചിട്ടും ബുർഖ പൂർണമായി അഴിക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ജഹനാര പ്രതികരിച്ചു.
സ്ത്രീകൾ ബുർഖ പൂർണമായി അഴിക്കണമെന്ന യാതൊരു നിർദേശവും ആശുപത്രിയിലില്ലെന്ന് ആശുപത്രി ഡീൻ ഡോ. ഛായ ഷിൻഡെ പറഞ്ഞു. സുരക്ഷാ പ്രോട്ടോകോൾ ജീവനക്കാരി തെറ്റിദ്ധരിച്ചതാണ് സംഭവത്തിന് കാരണമെന്നും അവർ വ്യക്തമാക്കി. തിരിച്ചറിയലിനായി മുഖം കാണിക്കുകയോ മറ നീക്കുകയോ ചെയ്യാൻ മാത്രമാണ് സുരക്ഷാ ജീവനക്കാരി ആവശ്യപ്പെടേണ്ടിയിരുന്നതെന്നും ഡീൻ പറഞ്ഞു. നവജാത ശിശുക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാർഡിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
10 ദിവസത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരി പിന്നീട് അഭിഭാഷകയോട് ക്ഷമ ചോദിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർ ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
തുടർന്ന് ആശുപത്രി അധികൃതരോടും പൊലീസിനോടും സംസാരിച്ചതായും ആശുപത്രി ജീവനക്കാർ സഹകരിച്ചെന്നും സുരക്ഷാ ജീവനക്കാർക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് അസിസ്റ്റന്റ് മെഡിക്കൽ ഓഫിസർ വ്യക്തമാക്കിയെന്നും അവർ പറഞ്ഞു.
സെൻസിറ്റീവായ ആശുപത്രി മേഖലകളിൽ കർശന സുരക്ഷ ആവശ്യമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും തിരിച്ചറിയലിനായി മുഖം കാണിക്കാനാകുന്ന സാഹചര്യത്തിൽ ഒരു സ്ത്രീയോട് മതപരമായ വസ്ത്രം പൂർണമായി അഴിക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അഭിഭാഷക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

