മുംബൈയിൽ പരസ്യബോർഡ് തകർന്ന സംഭവം; പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ
text_fieldsമുംബൈ: നഗരത്തിൽ പരസ്യബോർഡ് തകർന്ന് 14 പേർ മരിക്കാനിടയായ സംഭവത്തിലെ പ്രതി ഭാവിഷ് ഭിൻഡെക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ. പരസ്യബോർഡ് തകർന്ന സംഭവത്തിൽ പന്ത്നഗർ പൊലീസാണ് ഭിൻഡെക്കെതിരെ ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തത്. അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിൻഡെക്കെതിരെ ഇതിന് മുമ്പും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.
ജനുവരിയിൽ ഭാവിഷ് ഭിൻഡെ ബലാത്സംഗ കേസിൽ അറസ്റ്റിലായിരുന്നു. മുലുന്ദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഇയാൾ മത്സരിച്ചിട്ടുണ്ടെന്നാണ് വിവരം. അനധികൃതമായി ഹോൾഡിങ്ങുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഇയാളെ ഇന്ത്യൻ റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ചത്. അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

