Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെവിട്ട വിധി ശരിവെച്ച് മുംബൈ ഹൈക്കോടതി

text_fields
bookmark_border
സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെവിട്ട വിധി ശരിവെച്ച് മുംബൈ ഹൈക്കോടതി
cancel

മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിലും സൊഹ്റാബുദ്ദീന്‍റെ ഭാര്യ കൗസർ ബിയുടെ കൊലപാതകത്തിലും പ്രതികളായ 22 പേരെയും വെറുതെവിട്ട 2018-ലെ പ്രത്യേക കോടതി വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 21 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം എ. അങ്കാദ് എന്നിവരടങ്ങിയ ബെഞ്ചാണ് സൊഹ്റാബുദ്ദീന്‍റെ സഹോദരങ്ങളായ റുബാബുദ്ദീൻ ഷെയ്ഖ്, നയാബുദ്ദീൻ ഷെയ്ഖ് എന്നിവർ നൽകിയ അപ്പീലുകൾ തള്ളിയത്. ഏഴ് വർഷത്തോളമായി തീർപ്പാക്കാതെ കിടന്ന അപ്പീലുകളിലാണ് വ്യാഴാഴ്ച വിധി വന്നത്. അപ്പീലുകൾ തള്ളിയതായും വിശദമായ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചു.

2005 നവംബറിൽ ഗുജറാത്തിൽ വെച്ച് സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ ആസൂത്രിതമായ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നും, അതേമാസം തന്നെ ഭാര്യ കൗസർ ബിയെയും 2006 ഡിസംബറിൽ തുളസീറാം പ്രജാപതിയെയും വകവരുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ഗുജറാത്ത് ഭീകരവിരുദ്ധ സേനയും സി.ഐ.ഡിയുമാണ് ആദ്യം കേസ് അന്വേഷിച്ചതെങ്കിലും പിന്നീട് സുപ്രീം കോടതി കേസ് സി.ബി.ഐക്ക് വിടുകയും വിചാരണ മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷാ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദിനേഷ് എം.എൻ, രാജ്‌കുമാർ പാണ്ഡ്യൻ, ഡി.ജി. വൻസാര, മുൻ രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവരുൾപ്പെടെ 16 പേരെ പ്രത്യേക കോടതി നേരത്തെ തന്നെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് 2018 ഡിസംബർ 21-ന് പ്രത്യേക കോടതി ജഡ്ജി എസ്.ജെ. ശർമ വിധി പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ കുടുക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയതെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. സാക്ഷികൾ കൂറുമാറിയത് കോടതിയിൽ സത്യം പറയാനാണെന്നും സി.ബി.ഐ അവരുടെ മൊഴികൾ തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക കോടതിയുടെ നിരീക്ഷണങ്ങൾ തെളിവുകൾക്ക് വിരുദ്ധമാണെന്നും പ്രജാപതിക്ക് ജീവന് ഭീഷണി ഉണ്ടായിരുന്നുവെന്ന സഹതടവുകാരുടെ മൊഴികൾ കോടതി പരിഗണിച്ചില്ലെന്നും സൊഹ്റാബുദ്ദീന്റെ സഹോദരങ്ങൾ വാദിച്ചു. എന്നാൽ 2018-ലെ വിധി തങ്ങൾ അംഗീകരിച്ചതായും അതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

പ്രതികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രത്യക്ഷമായോ സാഹചര്യപരമായോ ഉള്ള തെളിവുകൾ ലഭ്യമല്ലെന്നും അതിനാൽ വിധി മാറ്റാൻ കഴിയില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. 2025 ഡിസംബറിൽ അന്തിമവാദം തുടങ്ങിയ ഹൈക്കോടതി ജനുവരി 16-ന് വാദം കേൾക്കൽ അവസാനിപ്പിച്ചു. തുടർന്നാണ് തീരുമാനം ശരിവെച്ചുകൊണ്ടുള്ള വിധി വ്യാഴാഴ്ച പുറത്ത് വന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai High Court upholds verdict acquitting 22 accused in Sohrabuddin fake encounter case
Next Story