'നിങ്ങൾ അവളുടെ ഭാവി നശിപ്പിക്കുകയാണ്'; ഓപ്പറേഷൻ സിന്ദൂറിനെതിരെ സാമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ വിദ്യാർഥിനിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഓപ്പറേഷൻ സിന്ദൂറിനെതിരെ സാമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. 19 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിനിയെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
പുനെയിലെ യേർവാഡ സെൻട്രൽ ജയിലിലാണ് വിദ്യാർഥിനി ഇപ്പോൾ ഉള്ളത്. പുനെയിലെ തന്നെയുള്ള സ്വകാര്യ അൺ എയ്ഡഡ് എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ മാത്രം വിദ്യാർഥിനിയെ അറസ്റ്റു ചെയ്ത നടപടിയെ ജസ്റ്റിസ് ഗൗരി ഗോഡ്സെയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചോദ്യം ചെയ്തു. നിങ്ങൾ വിദ്യാർഥിനിയുടെ ഭാവിയാണ് നശിപ്പിക്കുന്നതെന്നാണ് കോടതി വിമർശിച്ചത്.
വിദ്യാർഥികളെ ക്രിമിനൽ ആക്കുകയാണോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യം എന്നും ഇത്തരം കാര്യങ്ങളിൽ വിദ്യാർഥിയെ പരീക്ഷ എഴുതുന്നത് തടയുന്ന കോളേജിൻറെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനൊപ്പം വിദ്യാർഥിനിയെ മോചിപ്പിക്കാനും കോടതി സർക്കാരിനോട് ഉത്തരവിട്ടു.
മെയ് 7നാണ് പഹൽഗാം ആക്രമണത്തിൽ ഇന്ത്യയെ വിമർശിക്കുന്ന പോസ്റ്റ് വിദ്യാർഥിനി റീപോസ്റ്റ് ചെയ്തത്. എന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ താൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്നും വിദ്യാർഥിനി പറയുന്നു.
വിദ്യാർഥിനിയുടെ സെമസ്റ്റർ പരീക്ഷ ചൂണ്ടി കാട്ടി അഭിഭാഷകയായ ഫർഹാന ഷാ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് എസ്കോർട്ടിൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന കോളേജിൻറെ വാദത്തെ അങ്ങനെ എഴുതാൻ വിദ്യാർഥിനി ക്രിമിനലല്ലെന്ന് മറുപടി കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

