മുംബൈയിലെ നാവിക ഡിപ്പോയിൽ സൈനികനെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമുംബൈ: മുംബൈയിലെ ഖഡ്കോപാർ നാവിക സ്റ്റോർ ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പഞ്ചാബിലെ സാൻഗ്രൂർ സ്വദേശി റായ്പാൽ സിങ് എന്നയാളെയാണ് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഖഡ്കോപാറിലെ നേവൽ മെറ്റീരിയൽ ഓർഗനൈസേഷനുമായി ബന്ധപ്പെട്ട ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി) 106ാം നമ്പർ പ്ലാറ്റൂണിലെ സൈനികനാണിദ്ദേഹം. ഞായറാഴ്ചയാണ് സൈനികനെ ഡ്യൂട്ടി പോസ്റ്റിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. രണ്ട് തവണ വെടിയുതിർന്ന നിലയിൽ ഇദ്ദേഹത്തിെൻറ സർവിസ് റൈഫിൾ സമീപത്തുണ്ടായിരുന്നു.
സൈനികനെ നാവിക ആംബുലൻസിൽ രാജവാടി സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
റായ്പാൽസിങ്ങിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

