ടോൾ നൽകാൻ വാഹനം നിർത്തണ്ട, അക്കൗണ്ടിൽനിന്ന് കുറക്കും; രാജ്യത്തെ ആദ്യ എ.ഐ അധിഷ്ഠിത, തടസരഹിത ടോൾ പ്ലാസ് എൻ.എച്ച് 48ൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ എ.ഐ അധിഷ്ഠിത, തടസ രഹിത ടോൾ പ്ലാസ മുംബൈ-ഡൽഹി ദേശീയപാത (എൻ.എച്ച് 48)യിലെ സൂറത്തിന് സമീപം പ്രവർത്തനം തുടങ്ങി. ഇതിലൂടെ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകി കടന്നുപോകാൻ കഴിയും.
സൂറത്തിനും ബറൂച്ചിനും ഇടയിലുള്ള കാമ്രെജ്-ചോര്യാസി പാതയിൽ ചൊര്യാസി ടോൾ പ്ലാസയിലാണ് മുഴുവനായും ഓട്ടോമേറ്റഡ് ടോൾ പിരിവ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ടോൾ പ്ലാസ തുറന്നിരുന്നു. ഭൗതിക തടസങ്ങൾ ഇവിടെയില്ല. മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടത്തെ സംവിധാനം. ടോൾ പിരിക്കുന്ന സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് സംവിധാനം നടപ്പിലാക്കിയത്.
2026 അവസാനത്തോടെ രാജ്യവ്യാപകമായി 1,050-ലധികം ടോൾ പ്ലാസകളെ എ.ഐ അധിഷ്ഠിത തടസ്സരഹിത സംവിധാനങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാന പ്രകാരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) സാങ്കേതികവിദ്യയും ഫാസ്റ്റ് ടാഗും സംയോജിപ്പിച്ചിരിക്കുകയാണ്. ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന ഓരോ വാഹനത്തിൽനിന്നും ടോൾ നിരക്കുകൾ കുറക്കും. ഉയർന്ന റെസല്യൂഷൻ കാമറകൾ വാഹന നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുകയും ആർ.എഫ്.ഐ.ഡി സെൻസറുകൾ ഫാസ്റ്റ്ടാഗ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ശേഷം ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കുറക്കും.
ടോൾ പോയിന്റുകളിൽ വാഹനങ്ങൾ നിർത്തേണ്ടതിന്റെ ആവശ്യകത ഈ സംവിധാനം ഇല്ലാതാക്കുന്നുവെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എ.ആർ ചിത്രാൻസി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം. കൂടാതെ വാഹനങ്ങൾ ടോൾ പ്ലാസയിൽ കാത്തുകിടക്കുന്ന സാഹചര്യവും ഇതിലൂടെ ഒഴിവാകും. വാഹനങ്ങൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ടോൾ പ്ലാസയിലൂടെ കടന്നുപോകാൻ കഴിയും. വാഹനത്തിൽ ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും പണമടക്കുന്നതിനായി രജിസ്റ്റർ ചെയ്ത ഉടമക്ക് ഇലക്ട്രോണിക് നോട്ടീസ് അയക്കുകയും ചെയ്യും.
2026 അവസാനത്തോടെ ഇന്ത്യ ടോൾ പിരിവിൽ പൂർണ്ണമായും തടസ്സരഹിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. തടസരഹിത ടോൾ പിരിവ് സംവിധാനത്തിലൂടെ 1500 കോടി രൂപയുടെ ഇന്ധനചെലവ് ലാഭിക്കാമെന്നും കൃത്യതയും കാര്യക്ഷമതയും കൂടുന്നതിനാൽ 6,000 കോടി രൂപ അധിക വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും എൻ.എച്ച്.എ.ഐ കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

