16കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ജുഡീഷ്യൽ കസ്റ്റഡിയിൽ; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൊണ്ടുപോയി മദ്യം നൽകിയാണ് പീഡനം
text_fieldsമുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ അധ്യാപിക ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മാഹിമിലെ ബോംബെ സ്കോട്ടിഷ് സ്കൂളിലെ മുൻ അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നിവ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ ജെഡബ്ല്യു മാരിയട്ട്, വൈൽ പാർലെയിലെ പ്രസിഡന്റ് ഹോട്ടൽ, സഹാറിലെ ലളിത് ഹോട്ടൽ എന്നിവിടങ്ങളിൽ എത്തിച്ച് 16കാരനെ മദ്യം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കേസ്.
കുറ്റകൃത്യത്തിൽ ബിപാഷയെ സഹായിച്ചതായി കരുതപ്പെടുന്ന സുഹൃത്തായ ഡോക്ടറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബിപാഷ കുമാറുമായി ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതിനായി കൗൺസിലിങ് നൽകിയതായും സമ്മർദം ഒഴിവാക്കാൻ ഡാക്സിഡ് 50 മില്ലിഗ്രാം ഗുളികകൾ ഡോക്ടർ നൽകിയെന്നാണ് കണ്ടെത്തൽ.
അതേസമയം, ആ സ്കൂളിലെ കൂടുതൽ കുട്ടികൾ അതിക്രമത്തിന് ഇരയായോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികൾക്കെതിരായ അതിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ചയില്ലെന്നും കേസുമായി സഹകരിക്കുമെന്നും മൂന്ന് വർഷത്തിലെറെ സ്കൂളിൽ ജോലി ചെയ്ത ഈ അധ്യാപിക 2024ൽ രാജിവെച്ചതായും സ്കൂൾ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

