മയക്കുമരുന്ന് കേസ്: ആര്യൻ ഖാന്റെ പാസ്‌പോർട്ട് മടക്കി കൊടുക്കാൻ കോടതി ഉത്തരവ്
text_fieldsമുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ പാസ്‌പോർട്ട് മടക്കി കൊടുക്കാൻ മുംബൈയിലെ പ്രത്യേക കോടതി നാർകോടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യോട് ഉത്തരവിട്ടു. ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിൽ എൻ.സി.ബി ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെ പാസ്പോർട്ട് മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ആര്യൻ ഖാൻ അപേക്ഷ നൽകിയിരുന്നു.
കൂടാതെ, ജാമ്യ ബോഡ് തിരിച്ചുനൽകാനും പ്രത്യേക എൻ.ഡി.പി.എസ് ജഡ്ജ് വി.വി. പാട്ടീൽ ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നിന്ന് എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് എൻ.സി.ബി അറിയിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ മേയിൽ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് ക്ലീന് ചിറ്റ് നൽകി. ആര്യനെതിരെ തെളിവില്ലെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന് പങ്കില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

