മുംബൈ നഗരസഭ: തോറ്റിട്ടും കിങ്മേക്കറായി കോണ്‍ഗ്രസ്
text_fieldsമുംബൈ: ബി.ജെ.പിയെ മറികടന്ന് മുംബൈ നഗരസഭ മേയര്‍ പദവി നേടിയെടുക്കാന്‍ ശിവസേനക്കു മുന്നില്‍ ഒരൊറ്റ വഴിയേയുള്ളൂ, കോണ്‍ഗ്രസിന്‍െറ പിന്തുണ നേടുക. മേയര്‍ പദവിക്ക് 114 പേരുടെ അംഗബലം വേണം. 89 പേരുള്ള ശിവസേനക്ക് 25 പേരുടെകൂടി പിന്തുണ വേണം. 31 സീറ്റ് നേടിയ കോണ്‍ഗ്രസിന് മാത്രമേ ശിവസേനയെ സഹായിക്കാനാകൂ.
84 ആയിരുന്നു വെള്ളിയാഴ്ച വരെ സേനയുടെ അംഗബലം. വിമതരായി മത്സരിച്ചു ജയിച്ചവരടക്കം അഞ്ച് സ്വതന്ത്രര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് 89 ആയി ഉയര്‍ന്നത്. ശിവസേന കോണ്‍ഗ്രസ് സഹായം തേടിയിട്ടുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന ബി.ജെ.പി സര്‍ക്കാറുകളില്‍ ഭാഗമായിരിക്കെ ശിവസേനയെ സഹായിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍േറത്. മുംബൈ നഗരസഭയിലെ ആധിപത്യം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുപോലെ ശിവസേന സര്‍ക്കാര്‍ വിടുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ വിട്ടാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പുസാധ്യത ഒഴിവാക്കാനുള്ള ശ്രമം ശിവസേന നേതൃത്വം നടത്തുന്നതായാണ് സൂചന. നഗരസഭയില്‍ ബി.ജെ.പിയുമായി സഖ്യം പുന:സ്ഥാപിച്ചാല്‍ രണ്ട് പ്രതികൂല വിഷയങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുകയെന്ന് ശിവസേന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കലഹിച്ചുള്ള സമ്മര്‍ദതന്ത്രം അവസാനിപ്പിക്കേണ്ടിവരുമെന്നതാണ് ഒന്ന്. 82 സീറ്റുള്ള ബി.ജെ.പിയുമായി മേയര്‍പദം പങ്കിടേണ്ടിവരുമെന്നതാണ് രണ്ടാമത്തേത്. മുംബൈക്ക് ശിവസേന മേയര്‍ മാത്രമെന്ന തങ്ങളുടെ ശാഠ്യം അതോടെ തകരും. ശിവസേന സന്നദ്ധത അറിയിച്ചാല്‍ സഖ്യമാകാമെന്ന നിലപാടാണ് ബി.ജെ.പിക്ക്. ശിവസേനയുമായി സഖ്യമല്ലാതെ വഴിയില്ളെന്നാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ നിതിന്‍ ഗഡ്കരി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
