വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദമില്ലെന്ന് മുംബൈ ഉപഭോക്തൃ കോടതി
text_fieldsമുംബൈ: റസ്റ്റോറന്റുകളിൽ ഇരുന്ന് വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ ഉപഭോക്താക്കൾക്ക് അനുവാദമില്ലെന്ന് മുംബൈ കോടതി. സ്വന്തം സ്ഥാപനത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതത് റസ്റ്റോറന്റുകൾക്കാണെന്ന് മുംബൈ സബർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. റസ്റ്റോറന്റ് അധികൃതർ വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്ന് കാണിച്ച് ഒരു വനിത നൽകിയ പരാതി തള്ളിക്കൊണ്ടാണ് കമ്മീഷന്റെ വിധി.
തന്റെ അമ്മായിയമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും, എന്നാൽ റസ്റ്റോറന്റ് അധികൃതർ ഇത് വിലക്കിയെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. ഇതിനായി ഒരു പാത്തോളജി റിപ്പോർട്ടും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ ഇവർക്ക് എന്ത് രോഗമാണെന്നോ, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുതെന്ന് ഏതെങ്കിലും ഡോക്ടർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ടെന്നോ വ്യക്തമാക്കുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. റസ്റ്റോറന്റിലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരമായി തടഞ്ഞിട്ടുണ്ടെന്നോ, അല്ലെങ്കിൽ വീട്ടിൽ നിന്നുള്ള ഭക്ഷണം തന്നെ കഴിക്കണമെന്ന് നിർബന്ധമുണ്ടെന്നോ തെളിയിക്കാൻ പര്യാപ്തമായ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓരോ റസ്റ്റോറന്റിനും അവരുടെ സ്ഥാപനത്തിനുള്ളിലെ നിയമങ്ങൾ നിയന്ത്രിക്കാനും സേവനങ്ങൾക്ക് ന്യായമായ നിബന്ധനകൾ ഏർപ്പെടുത്താനും അവകാശമുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം റസ്റ്റോറന്റിനുള്ളിൽ അനുവദിക്കണമെന്ന് നിർബന്ധിക്കുന്ന യാതൊരു നിയമവും പരാതിക്കാരിക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്നത് സേവനത്തിലെ പോരായ്മയായി കാണാൻ കഴിയില്ല എന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
റസ്റ്റോറന്റിന്റെ പോളിസി എന്താണെന്ന് വ്യക്തമാക്കിക്കഴിഞ്ഞാൽ, അവിടെ ഇരുന്ന് ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവാണ്. നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെങ്കിൽ അവിടെനിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

