28 മുതൽ മതംമാറ്റ നിരോധന നിയമം; സുരക്ഷ ഉറപ്പാക്കാൻ സ്വയംസാക്ഷ്യപത്രങ്ങൾ ശേഖരിച്ച് മുംബൈയിലെ ക്രൈസ്തവ ദേവാലയങ്ങൾ
text_fieldsമുംബൈ : മഹാരാഷ്ട്രയിൽ പുതിയ മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ, മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധനയ്‌ക്കെത്തുന്ന വിശ്വാസികളിൽ നിന്ന് സ്വയംസാക്ഷ്യപത്രം ശേഖരിച്ചു തുടങ്ങി. ആരുടെയും നിർബന്ധത്തിനോ പ്രലോഭനങ്ങൾക്കോ വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രങ്ങളാണ് പള്ളികളിൽ പൂരിപ്പിച്ചു വാങ്ങുന്നത്.
ഭരണകൂടത്തിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഭാവിയിൽ അന്വേഷണമുണ്ടായാൽ തെളിവായി കാണിക്കുന്നതിനും അക്രമ സംഭവങ്ങളിൽ നിന്ന് സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് വസായിലെ പാസ്റ്റർ സാം മാത്തായി വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ വസായി, വിരാർ, പാൽഘർ, നലസോപാര, ഭയാന്ദർ തുടങ്ങിയ മേഖലകളിലെ വിവിധ പള്ളികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ സഭാ നേതൃത്വവും പാസ്റ്റർമാരും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർത്ഥനകൾക്കായി എത്തുന്ന ജനങ്ങളെ ആരും നിർബന്ധിക്കുന്നില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജൂലൈ 30-ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വന്ന 'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം, 2026' പ്രകാരം ഭീഷണിയോ പ്രലോഭനങ്ങളോ വിവാഹ വാഗ്ദാനങ്ങളോ നൽകിയുള്ള മതംമാറ്റം നിരോധിച്ചിട്ടുണ്ട്. മറ്റൊരു മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിക്കണം. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഈ സമയത്ത് അറിയിക്കാം. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെയും ആവർത്തിച്ചാൽ 10 വർഷം വരെയും തടവുശിക്ഷ ലഭിക്കാം.
ഈ പുതിയ നിയമവും തുടർന്നുണ്ടായ സംഭവവികാസങ്ങളും സാധാരണക്കാരായ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ക്രിസ്ത്യൻ ഡെവലപ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ ദേവ്ദാൻ ത്രിഭുവൻ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഇതരമതസ്ഥർ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും, വ്യാജ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാർത്ഥനയ്ക്കായി എത്തുന്ന ഏവർക്കും വാതിലുകൾ തുറന്നിട്ടിരിക്കുന്ന പള്ളികളിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനും, തെറ്റിദ്ധാരണകൾ മൂലമുള്ള അതിക്രമങ്ങളിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ബോംബെ കാത്തലിക് സഭാ വക്താവ് ഡോൾഫി ഡിസൂസയും പ്രതികരിച്ചു. സഭാ പ്രാർത്ഥനകൾ തടസ്സപ്പെടാതിരിക്കാൻ പോലീസ് തുല്യമായ നീതിയും ആവശ്യമായ സുരക്ഷയും ഉറപ്പാക്കണമെന്നാണ് ക്രിസ്ത്യൻ സമൂഹത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

